image

30 Jun 2026 4:32 PM IST

Kerala

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ വിദേശ നിക്ഷേപം; വൻതുക മുടക്കുന്നത് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി

MyFin Desk

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ വിദേശ നിക്ഷേപം;  വൻതുക മുടക്കുന്നത് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി
X

Summary

വിഴിഞ്ഞം മുഖം മിനുക്കും; മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടേത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്ന്.


വന്‍ വിദേശ നിക്ഷേപം എത്തുന്നതോടെ മുഖം മിനുക്കാൻ ഒരുങ്ങി വിഴിഞ്ഞം തുറമുഖം . അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49% ഓഹരികളാണ് യൂറോപ്യന്‍ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ്‌സി) സ്വന്തമാക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലാണ് വിഴിഞ്ഞം പോർട്ട്. 27, 000 കോടി രൂപയുടെ പദ്ധതിയില്‍ വിദേശ കമ്പനിയുടെ നിക്ഷേപം 13225 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ്.

നിക്ഷേപം വിഴിഞ്ഞം പോർട്ടിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം വിഴിഞ്ഞത്തിന് ആഗോള രംഗത്തും മുൻതൂക്കം നൽകും. പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾക്കിടയിൽ. കിഴക്കൻ ആഫ്രിക്കൻ വ്യാപാര റൂട്ടുകളിൽ സാന്നിധ്യം ശക്തിപ്പെടുത്താനും പുതിയ നിക്ഷേപം സഹായകരമാകും.

നിക്ഷേപത്തിലൂടെ വിഴിഞ്ഞത്തിന്റെ ചരക്ക് കൈമാറ്റ ശേഷിയും വലിയ തോതില്‍ ഉയരും. നിലവില്‍ 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം വികസിപ്പിക്കുന്നതോടെ ശേഷി മൂന്നര മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു വിലേക്ക് വര്‍ധിക്കും. 'വിഴിഞ്ഞം തുറമുഖം ഒരു പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി ഉയർന്നു. 18 മാസത്തിനുള്ളില്‍ തന്നെ 20 ലക്ഷം ടിഇയു കടക്കുക എന്ന അതുല്യമായ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഹോള്‍-ടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.

പരസ്പര സഹകരണത്തിലൂടെ കിഴക്കന്‍ ആഫ്രിക്കയിലെ വ്യാപാര റൂട്ടുകളില്‍ സാന്നിധ്യം ശക്തിപ്പെടുത്താനും, തുറമുഖം വഴി കൈകാര്യം ചെയ്യുന്ന ബംഗ്ലാദേശ് ചരക്ക് വര്‍ദ്ധിപ്പിക്കാനും, റിലേ കാര്‍ഗോ വോളിയം വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് കമ്പനി പറഞ്ഞു. 2024 ഡിസംബറില്‍ കമ്മീഷന്‍ ചെയ്ത വിഴിഞ്ഞം, 1.6 ദശലക്ഷം ടിഇയു വാര്‍ഷിക കൈകാര്യം ചെയ്യല്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഡീപ് ഡ്രാഫ്റ്റ് മെഗാ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാണ്. യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, ഫാര്‍ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് റൂട്ടില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.2028 ഡിസംബറോടെ തുറമുഖം 5.7 ദശലക്ഷം ടിഇയു ആയി വികസിപ്പിക്കും.