image

2 May 2025 2:48 PM IST

Kerala

1200 കോടി നിക്ഷേപം, 3500 പേർക്ക് തൊഴിൽ ; ഹിറ്റായി മെഗാ ഫുഡ് പാർക്ക്

MyFin Desk

cherthala mega food park a hit
X

ആലപ്പുഴ ജില്ലയിലെ ചേർത്തല മെഗാ ഫുഡ് പാർക്ക് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 1200 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന 84 ഏക്കര്‍ സ്ഥലത്താണ് മെഗാ ഫുഡ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 3500 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് ഈ ഫുഡ് പാര്‍ക്ക് ഭക്ഷ്യോത്പന്ന സംസ്കരണമേഖലയിലും കയറ്റുമതിരംഗത്തും കേരളത്തിന്റെ മുന്നേറ്റത്തിനു കരുത്തു പകരുകയാണെന്ന്‌ മന്ത്രി അറിയിച്ചു.

128 കോടി രൂപ ചിലവിൽ നിർമ്മിച്ച ഫുഡ് പാര്‍ക്കിനായി 72 കോടി രൂപ സംസ്ഥാന സര്‍ക്കാരും 50 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് നൽകിയത്. ശേഷിക്കുന്ന തുക വായ്പയിലൂടെ കണ്ടെത്തുകയായിരുന്നു. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം പാർക്കിൽ ലഭ്യമാണ്. സമുദ്രോത്പന്ന സംസ്കരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കുതിപ്പു പകരുന്ന ചുവടുവെപ്പുകൂടിയാകും ഈ ഫുഡ് പാർക്കെന്നും മന്ത്രി പറഞ്ഞു.