10 Oct 2026 3:26 PM IST
Summary
സ്റ്റേഡിയം തിരിച്ചു നല്‍കിയപ്പോള്‍ 15,000-ത്തോളം സ്ഥിരം സീറ്റുകള്‍ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നു
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്തിയ നവീകരണച്ചെലവില്‍ വന്‍ പൊരുത്തക്കേടെന്ന് ജിസിഡിഎ റിപ്പോര്‍ട്ട്. നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്ന സ്പോണ്‍സറുടെ അവകാശവാദവും ജിസിഡിഎയുടെ പ്രാഥമിക ചെലവ് വിലയിരുത്തലും തമ്മില്‍ ഏകദേശം 60 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികള്‍ പരിശോധിച്ച ശേഷമാണ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെലവ് കണക്കുകള്‍ തയ്യാറാക്കിയത്. സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്നാണ് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ അവകാശപ്പെട്ടത്. എന്നാല്‍, നവീകരണ പ്രവൃത്തികളുടെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ചെലവ് 8.44 കോടി രൂപ മാത്രമാണെന്നാണ് ജിസിഡിഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്റ്റേഡിയത്തിലെ വിവിധ പ്രവൃത്തികളുടെ ചെലവുകളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതിര്‍ത്തി മതില്‍ നിര്‍മിക്കാന്‍ 1.19 കോടി രൂപയും പാര്‍ക്കിങ് ഗ്രൗണ്ട് വികസനത്തിന് 1.66 കോടി രൂപയും ഗാലറിയില്‍ കസേരകള്‍ സ്ഥാപിക്കാന്‍ 2.22 കോടി രൂപയും ചെലവായെന്നാണ് കണക്ക്. പെയിന്റിങ്, പ്രവേശന കവാടത്തിന്റെ നവീകരണം, ശുചിമുറികളുടെ അറ്റകുറ്റപ്പണി, വൈദ്യുതിപ്പണികള്‍ എന്നിവയ്ക്കായി 1.36 കോടി രൂപയും മറ്റ് പ്രവൃത്തികള്‍ക്കായി അധിക തുകയും കണക്കാക്കിയിട്ടുണ്ട്.
നവീകരണത്തിന് ശേഷം സ്റ്റേഡിയം തിരിച്ചു നല്‍കിയപ്പോള്‍ 15,000-ത്തോളം സ്ഥിരം സീറ്റുകള്‍ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സ്റ്റേഡിയത്തിലെ ചില പ്രവൃത്തികള്‍ക്കും ഫ്ലഡ്‌ലൈറ്റുകളുടെ പരിപാലനത്തിനുമായി ജിസിഡിഎ 50 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നവീകരണത്തിന് അതോറിറ്റിക്ക് ഒരു ചെലവും വരുത്തിയില്ല എന്ന മുന്‍ ജിസിഡിഎ ചെയര്‍പേഴ്സണിന്റെ വാദത്തിന് വിരുദ്ധമായാണ് റിപ്പോര്‍ട്ടിലെ ഈ വിവരങ്ങള്‍.
2025 സെപ്റ്റംബര്‍ 26-നാണ് നവീകരണത്തിനായി സ്റ്റേഡിയം സ്പോണ്‍സര്‍ക്ക് കൈമാറിയത്. മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീമിന്റെ സൗഹൃദമത്സരം നവംബര്‍ 17-ന് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ മത്സരം നടക്കാതെ പോയി. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ജിഎസ്ടി വകുപ്പ് രേഖകള്‍ ശേഖരിച്ചതായും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
