24 Feb 2026 3:36 PM IST
Summary
ആര്‍ആര്‍ടിഎസ് നിരക്കിനേക്കാള്‍ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറയും
അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ.ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. പൊന്നാനിയില്‍ തുറന്ന പുതിയ ഓഫീസിന് പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇ.ശ്രീധരൻ്റെ പ്രഖ്യാപനം.
നേരത്തെ തയ്യാറാക്കിയ റൂട്ടില്‍ നിന്ന് മാറ്റം വരുത്തി പത്തനംതിട്ട, മലപ്പുറം ജില്ലകളെ പുതിയ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് 3 മണിക്കൂര്‍ 20 മിനുട്ട് കൊണ്ട് കണ്ണൂരില്‍ എത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ആരംഭിക്കുന്ന പാത, ടണല്‍ വഴി എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂര്‍, പട്ടാമ്പി, മലപ്പുറം, കരിപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടാവുക.
എസി ചെയര്‍ കാര്‍ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. RRTS നിരക്കിനേക്കാള്‍ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറയുമെന്നാണ് ഇ.ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് 440 രൂപയും, കോഴിക്കോട്ടേക്ക് 640 രൂപയും, കണ്ണൂരിലേക്ക് 780 രൂപയുമാണ് പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്. സാധാരണക്കാര്‍ക്കുപോലും ചെലവ് കുറഞ്ഞ രീതിയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പുതിയ ഡിസൈനിന് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വാക്കാല്‍ അനുമതി ഉണ്ടെന്നാണ് ശ്രീധരൻ്റെ അവകാശവാദം.
ലാഭം ഉണ്ടാക്കുക എന്നതിനപ്പുറം സേവനം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ, ട്രെയിനുകളുടെ കൃത്യസമയം എന്നിവയ്ക്കാണ് പ്രഥമ പരിഗണന. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ടെന്നും മൂന്നുമാസത്തിനകം ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കുമെന്നും ശ്രീധരന്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
