image

7 April 2026 9:03 AM IST

Kerala

യുദ്ധം കാരണം സീസണ്‍ കൈവിട്ടു; പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് 3 കോടിയിലേറെ നഷ്ടം

MyFin Desk

യുദ്ധം കാരണം സീസണ്‍ കൈവിട്ടു; പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് 3 കോടിയിലേറെ നഷ്ടം
X

Summary

അടുത്ത സീസണിലേക്കുള്ള ബുക്കിങ്ങും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്


യുദ്ധം പശ്ചിമേഷ്യയിലാണെങ്കില്‍ ഇങ്ങ് കേരളത്തിലും അതിന്റെ പ്രതിഫലനം ചെറുതല്ല. സംഘര്‍ഷത്തെ തുടര്‍ന്ന് സഞ്ചാരികളുടെ കുറവ് മൂലം കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് കഴിഞ്ഞമാസം 3 കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി ബുക്കുചെയ്ത സഞ്ചാരികള്‍ക്ക് ബുക്കിങ് തുക തിരികെ നല്‍കേണ്ടിവന്നു. യുദ്ധം തുടരുന്നതിനാല്‍ അടുത്ത സീസണിലേക്കുള്ള ബുക്കിങ്ങും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്.

ഏപ്രിലിലേക്ക് മുന്‍കൂട്ടി ബുക്കുചെയ്തിരുന്ന പല വിദേശ വിനോദസഞ്ചാരികളും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള വിമാന സര്‍വീസുകളുടെ അഭാവത്തില്‍ ദോഹ, ദുബായ് വഴി കേരളത്തിലേക്ക് എത്തുന്ന വിദേശികളുടെ വരവ് നിലച്ചു. വിമാന ടിക്കറ്റുനിരക്ക് ഉയര്‍ന്നതോടെ ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് കൂട്ടമായി എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ജൂണ്‍-ജൂലൈ മാസത്തില്‍ ഉണ്ടാകാറുള്ള അറബ് സഞ്ചാരികളുടെ വന്‍തോതിലുള്ള വരവ് ഇത്തവണ കുറയുമോ എന്ന ആശങ്കയും നിലവിലുണ്ട്.

ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് പല ഹോട്ടലുകളും വിറക്, ഇലക്ട്രിക് അടുപ്പുകളിലേക്ക് മാറിയതോടെ മെനുവും വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. ഇതും വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിദേശ സഞ്ചാരികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. ചൈനീസ് വിഭവങ്ങള്‍, ദോശ, പൊറോട്ട, അപ്പം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. അതേസമയം കനലടുപ്പില്‍ തയ്യാറാക്കുന്ന തന്തൂരി വിഭവങ്ങള്‍ മെനുവില്‍ ഇടം നേടിയിട്ടുണ്ട്.

ഏപ്രിലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ വെഡിങ്ങുകളിലാണ് ചില ഹോട്ടലുകളുടെ പ്രതീക്ഷ. തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ വരുന്നുണ്ടെന്നതും ആശ്വാസമാണ്. വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയും ഉള്‍പ്പെടെ അതിജീവിച്ചുവന്ന ഹോട്ടല്‍-ടൂറിസം മേഖലയ്ക്ക് യുദ്ധം തുടരുന്നത് വലിയ ഭീഷണിയായിരിക്കുകയാണ്.