27 Feb 2026 1:39 PM IST
പ്രോട്ടീന്‍ റിച്ച് 'ന്യൂട്രീലെവല്'; മൂന്ന് പുതിയ ഉല്പന്നങ്ങള് പുറത്തിറക്കി മില്‍മ
Thulasi Prasad
Summary
കഫേ മോക്ക, കോള്‍ഡ് കോഫി എന്നീ മില്‍ക്ക് ഷേക്കുകളും വിപണിയില്‍ എത്തിച്ചു
ആരോഗ്യ സംരക്ഷണ ഉല്പന്ന വിപണിയിലേക്ക് ചുവടുവച്ച് മില്‍മ. മിൽമയുടെ ആദ്യ പ്രോട്ടീന്‍ റിച്ച് ഉല്പന്നമായ 'ന്യൂട്രീലെവല്' പുറത്തിറക്കി. പ്രായഭേദമന്യേ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന പോഷക സമൃദ്ധവും ഗുണമേന്മയേറിയതുമായ ഉല്പന്നമാണ് ന്യൂട്രിലെവല്‍. ന്യൂട്രിലെവലിൻ്റെ വിതരണോദ്ഘാടനം ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, മില്‍മ ചെയര്മാന് കെ.എസ് മണിക്ക് നല്കി നിര്‍വഹിച്ചു.
കായികരംഗത്തും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ ചെലുത്തുന്നവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, തുടങ്ങിയവര്‍ക്ക് പുതിയ ഉല്പന്നം ഏറെ പ്രയോജനകരമാകും എന്നാണ് മില്‍മ പറയുന്നത്. 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ന്യൂട്രീലെവല്, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനൊപ്പം പേശികളുടെ സംരക്ഷണത്തിനും, പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുന്നതിനും സഹായിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് പുറമെ കൃത്യമായ തോതില്‍ കൊഴുപ്പ്, പ്രോട്ടീന്‍, ലാക്ട്രോസ്, ഫ്രക്ട്രോസ്, വൈറ്റമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് പകരമായി 'മീൽ റീപ്ലെയിസ്മെൻ്റ് ' എന്ന രീതിയില്‍ ഇത് ഉപയോഗിക്കാമെന്നും സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ നില്‍ക്കുമെന്നും മില്‍മ പറയുന്നു.
ന്യൂട്രീലെവലിനൊപ്പം കഫേ മോക്ക, കോള്‍ഡ് കോഫി എന്നീ മില്‍ക്ക് ഷേക്കുകളും മില്‍മ പുതുതായി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. യുവതയെ ലക്ഷ്യം വച്ച് വിപണിയില്‍ ഇറങ്ങിയ ഇവയ്ക്ക് വിദേശ വിപണികളിലും ആവശ്യക്കാരുണ്ട്. പുതിയ കാലത്തെ രീതികള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന കഫേ മോക്കയും കോള്‍ഡ് കോഫിയും 200 മില്ലി പാക്കറ്റിലും 180 മില്ലി ബോട്ടിലുകളിലും ലഭ്യമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
