29 Sept 2026 6:44 PM IST
Summary
അണക്കെട്ടിന്റെ അവസാന സമഗ്ര സുരക്ഷാ വിലയിരുത്തല്‍ 2011ലാണ് നടന്നതെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.
130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ കൂടുതല്‍ സമഗ്രമായ പരിശോധന വേണമെന്ന ആവശ്യം ശക്തമാക്കി കേരളം. സ്വതന്ത്രവും സാങ്കേതികമായി കര്‍ശനവുമായ സുരക്ഷാ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രൂപീകരിച്ച സ്വതന്ത്രമേല്‍നോട്ട സമിതിയിലെ ആറ് അംഗങ്ങള്‍ക്കും കേരളം വിശദമായ കുറിപ്പ് നല്‍കി.
സെപ്റ്റംബര്‍ ആദ്യവാരം സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ പുതിയ ഇടപെടല്‍. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച എല്ലാ വിഷയങ്ങളും പരിഗണിച്ച് പുതിയ സുരക്ഷാ അവലോകനം നടത്തണമെന്ന സുപ്രീം കോടതിയുടെ 2022ലെ നിര്‍ദേശവും കേരളം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അണക്കെട്ടിന്റെ അവസാന സമഗ്ര സുരക്ഷാ വിലയിരുത്തല്‍ 2011ലാണ് നടന്നതെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. നിലവിലെ പരിശോധനയില്‍ വിവിധ സാങ്കേതിക വിഷയങ്ങള്‍ കൂടി വിശദമായി പരിശോധിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കമ്മിറ്റി ചെയര്‍മാന്‍ ബല്‍രാജ് ജോഷി സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കൂടുതല്‍ ആശയവിനിമയം നടന്നില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
മുന്‍ സാങ്കേതിക വിലയിരുത്തലുകളിലെ കണ്ടെത്തലുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്. ഐഐടി റൂര്‍ക്കിയുടെയും കേന്ദ്ര ജല കമ്മീഷന്റെയും വിലയിരുത്തലുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം. കൂടാതെ, വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര ജല കമ്മീഷന്‍ നടത്തിയ വിലയിരുത്തലുകളിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി.
സുരക്ഷാ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി അടുത്തുവരുന്നതിനിടെയാണ് കേരളം വീണ്ടും വിശദമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സമിതി അധ്യക്ഷന്‍ ബാലരാജ് ജോഷി കേരളം ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കൂടുതല്‍ ആശയവിനിമയം ഉണ്ടായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട 'റൂള്‍ കര്‍വ്' വിഷയത്തിലും കേരളം നിലപാട് ആവര്‍ത്തിച്ചു. പരമാവധി ജലനിരപ്പ് 142 അടിയായി നിശ്ചയിക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പുണ്ട്. വിവിധ സമയങ്ങളില്‍ അണക്കെട്ടില്‍ അനുവദനീയമായ ജലനിരപ്പ് നിര്‍ണയിക്കുന്ന സംവിധാനമാണ് റൂള്‍ കര്‍വ്. 2018ലെ പ്രളയ സാഹചര്യങ്ങള്‍ നിലവിലെ റൂള്‍ കര്‍വ് നിര്‍ണയത്തില്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നാണ് കേരളത്തിന്റെ പ്രധാന വാദം.
അതേസമയം, സുപ്രീം കോടതി നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ജലശാസ്ത്ര, ഭൂകമ്പ, ഘടനാപരമായ സുരക്ഷ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നാല് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകളും നിലവിലുള്ള സാങ്കേതിക വിലയിരുത്തലുകളും സമിതി വിശദമായി പരിശോധിക്കുന്നതോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായകമായ റിപ്പോര്‍ട്ടിനാണ് ഇനി കാത്തിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
