20 Dec 2025 5:47 PM IST
Interview With Finance Minister :കേന്ദ്രം ഏറ്റവുമധികം ശ്വാസം മുട്ടിക്കുന്നത് കേരളത്തെ? മനസ് തുറന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
MyFin Desk
Summary
Myfinpoint Exclusive Interview: കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധിയിലും ജിഎസ്ടിയിലും കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയാണ് സംസ്ഥാനത്തെ ബാധിച്ചത്? ഇടക്കാല ബജറ്റിലെ ഊന്നൽ എന്തിനൊക്കെ? ധനമന്ത്രി മൈഫിൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രത്യേകിച്ച് കൊല്ലം കോർപ്പറേഷനിലെ പരാജയ സാധ്യതകൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് പോരായ്മയായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധിയിലും ജിഎസ്ടിയിലും കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയാണ് സംസ്ഥാനത്തെ ബാധിച്ചത്? ഇടക്കാല ബജറ്റിലെ ഊന്നൽ എന്തിനൊക്കെ? ധനമന്ത്രി മൈഫിൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്..
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള അഭിമുഖമാണല്ലോ? യുഡിഎഫ് മുന്നേറ്റവും തിരുവനന്തപുരത്തെ എൻഡിഎ മുന്നേറ്റവും എങ്ങനെയാണ് നോക്കി കാണുന്നത്?
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് കുറെയേറെ സീറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പഞ്ചായത്തുകൾ എടുത്തു കഴിഞ്ഞാൽ സാങ്കേതികമായി ഭൂരിപക്ഷമുണ്ട്. അതിലേക്ക് കടക്കുന്നില്ല. എന്നാൽ എൽഡിഎഫിന് കിട്ടാനുള്ള സീറ്റ് കിട്ടിയിട്ടില്ല. എൽഡിഎഫ് ഗവൺമെൻ്റ് ജനങ്ങളുടെ പക്ഷത്ത് നിന്ന് ചെയ്ത നിരവധി കാര്യങ്ങളുണ്ട്. എന്നിട്ടും പിന്തുണ കുറഞ്ഞത് ജനങ്ങളുടെ ഇടയിൽ നിന്ന് തന്നെ പരിശോധിക്കും.
ക്രിയാത്മകമായ വിമർശനങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകും. കൊല്ലം കോർപ്പറേഷനിൽ വലിയ തിരിച്ചടിയാണുണ്ടായത്. ഇത് ഞങ്ങളെ സംബന്ധിച്ച് വിഷമമുണ്ടാക്കുന്നതാണ്. അങ്ങനെയൊരു തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ. കുറച്ച് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു. കാരണം ധാരാളം കാര്യങ്ങൾ ചെയ്തു.
ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നുണ്ടോ?
ഭരണത്തുടർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൻ്റെ ശ്വാസം മുട്ടിക്കൽ സാമ്പത്തിക രംഗത്തും ഭരണ തലത്തിലും ഏറ്റവും കൂടുതൽ അനുഭവിച്ച സർക്കാരാണിത്. എന്നിട്ടും ഇന്ത്യയിലെ മെച്ചപ്പെട്ട തലത്തിലേക്ക് ഭരണ നിർവഹണം എത്തിക്കാൻ കഴിഞ്ഞു എന്നത് നേട്ടമാണ്. മാതൃനിരക്ക് , ശിശുമരണ നിരക്ക്, പെർകാപിറ്റ ഇൻകം, അടിസ്ഥാന സൗകര്യ വികസന രംഗം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാനായി. ഇതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ വിശ്വാസ്യത കൂടിയാർജിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കും.
ധനമന്ത്രി എന്ന നിലയിൽ ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ സന്ദർഭങ്ങൾ ഏതാണ്?
ഈ നാലര വർഷവും എല്ലാ ദിവസവും എന്തൊക്കെയെങ്കിലും സാമ്പത്തിക പ്രതിസന്ധി കേന്ദ്രസർക്കാർ ഉണ്ടാക്കുന്നുണ്ട്. എല്ലാ ധനകാര്യ മന്ത്രിമാരേക്കാളും കൂടുതൽ ബുദ്ധിമുട്ട് വന്നത് ഈ സമയത്താണ്. കേന്ദ്രത്തിൻ്റെ നിലപാട് കാരണം ടാക്സ് പിരിക്കാനുള്ള സംസ്ഥാനത്തിൻ്റെ അവകാശം പോയി. ജിഎസ്ടി അവരുടെ ഇഷ്ട പ്രകാരം മാറ്റി. ഒരു വർഷം കടം എടുക്കാവുന്ന തുകയിൽ നിന്ന് 1.25 ലക്ഷം കോടി രൂപ കുറഞ്ഞു.
ആർക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ നിന്ന്, ഇന്ത്യയിലെ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. മെഡിസെപ്, കാരുണ്യ ഒക്കെ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. 19 0000 ,20 000 മേജർ ശസ്ത്രക്രിയകൾ കാരുണ്യക്ക് കീഴിൽ ഒരു മാസം നടക്കുന്നുണ്ട്. 45 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്നു. സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക കൂടാതെ വിതരണം ചെയ്യാനായി. ഇതൊക്കെ സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ അത്രയധികം സ്ട്രെസുമുണ്ട്. ഇപ്പോൾ തന്നെ അടുത്ത മൂന്നു മാസത്തേക്ക് കിട്ടേണ്ട 6000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്.
ജൂലൈ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിൻ്റെ കടം ഏകദേശം 4.8 ലക്ഷം കോടി രൂപയാണ്. മുൻവർഷങ്ങളിൽ ജിഎസ്ഡിപി- കടം അനുപാതം കുറഞ്ഞു വരുന്ന ഒരു പ്രവണതയുണ്ട്. സർക്കാരിൻ്റെ നയങ്ങൾ ഇതിന് സഹയകരമായിട്ടുണ്ടോ?
വാസ്തവത്തിൽ കടം 4.8 ലക്ഷം കോടി രൂപ എത്തിയിട്ടില്ല. മാർച്ച് അവസാനം വരെയെത്തുമ്പോൾ 4.7 ലക്ഷം കോടി രൂപയാണ്. കടം കുറഞ്ഞു. ഇക്കണോമി വളരുന്നതിന് അനുസരിച്ച് കടം കൂടും. ഓരോ അഞ്ച് വർഷവും കടം ഇരട്ടിയാകാറുണ്ട്. എന്നാൽ സംസ്ഥാനത്തിൻ്റെ കടം കുറഞ്ഞ് വരുന്നുണ്ട്. കടം അനുപാതം മികച്ച രീതിയിൽ കുറച്ച അഞ്ച് സംസ്ഥാനങ്ങളിൽ കേരളം ഉണ്ടെന്ന് ആർബിഐയും ചൂണ്ടിക്കാട്ടിയിരുന്നു. കടത്തിൻ്റെ കാര്യത്തിലും കേന്ദ്ര സർക്കാർ നൽകുന്ന വിഹിതത്തിലും വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ഇതിനിടയിലും മൊത്തം കടം കുറച്ച് നിർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പണപ്പെരുപ്പം കേരളത്തിൽ കൂടുതലാണല്ലോ? എന്തുകൊണ്ടാണിത്?
കേരളത്തിൽ മൊത്തത്തിൽ വിലക്കയറ്റമാണ് എന്നൊരു ഫീലിങ് ഇല്ല. ചില ഉൽപ്പന്നങ്ങൾക്കാണ് വിലക്കയറ്റമുള്ളത്. വെളിച്ചെണ്ണ വിലയിൽ ഇതുണ്ടായിരുന്നു. എന്നാൽ അമിതമായ വിലക്കയറ്റം കേരളത്തിൽ ഉണ്ടായിട്ടില്ല.
കേന്ദ്രം വലിയ തോതിൽ കേരളത്തിൻ്റെ കടമെടുപ്പ് പരിധി കുറച്ചു. അടുത്തിടെ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ എങ്ങനെയാണ് സംസ്ഥാനത്തെ ബാധിക്കുക?
തൊഴിൽ ഉറപ്പു പദ്ധതിയിൽ കൊണ്ടുവന്ന മാറ്റങ്ങൾ വലിയ തോതിൽ സംസ്ഥാനങ്ങളെ ബാധിക്കും. നിരവധി ഗ്രാമങ്ങളിൽ പട്ടിണിയുണ്ടാകും. കാർഷിക മേഖല പ്രതിസന്ധിയിലായിരുന്ന സമയത്താണ് തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നത്. കാർഷിക മേഖലയിൽ തൊഴിൽ ഇല്ലാത്തവർ ഇങ്ങനെ വരുമാനം കണ്ടത്തിയിരുന്നു. ഇത് നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു.
കശുവണ്ടി, കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായ മേഖലകളിൽ പലതും ഇപ്പോൾ നാമമാത്രമായാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയിലുള്ളവരും തൊഴിലുറപ്പിലൂടെ വരുമാനം കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം സർക്കാർ വിഹിതം കുറച്ച നടപടി ബാധിക്കും. സത്യത്യത്തിൽ വലിയ കൊള്ളയാണ് കേന്ദ്ര സർക്കാരിൻ്റേത്.
അടുത്തിടെ സാമൂഹ്യ പെൻഷൻ 500 രൂപ വർധിപ്പിച്ചിരുന്നു. ഇത് പെൻഷൻ കമ്പനിക്ക് ബാധ്യതയായോ? പെൻഷൻ കമ്പനിയുടെ കടം കുറയ്ക്കാൻ സർക്കാരിനായോ?
പെൻഷൻ കമ്പനി ഒരു ഇന്റർമീഡിയറ്റ് സംവിധാനമാണ്. പെൻഷൻ കമ്പനിക്ക് ബാധ്യതയാകില്ല. സർക്കാരാണ് പണം നൽകുന്നത്. പെൻഷൻ കമ്പനിയുടെ കടം സർക്കാർ കുറച്ചിട്ടുണ്ട്. കുടിശ്ശികകളുണ്ടായിരുന്നത് തീർത്തു.
ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനത്തെ എങ്ങനെയാണ് ബാധിച്ചത്? ഓരോ വർഷവുമുള്ള നഷ്ടം എത്രയാണ്?
ജിഎസ്ടി നടപ്പാക്കിയതിന് ശേഷം മദ്യത്തിനും പെട്രോളിനും ഒഴികെ ഒന്നിനും നികുതി കൂട്ടാനാകില്ല. നികുതി പിരിക്കാനുള്ള അധികാരം കേന്ദ്രത്തിലേക്ക് പോയി. സിൻ ഗുഡ് കാറ്റഗറി ഉൽപ്പന്നങ്ങൾക്ക് നികുതി പിരിക്കാനാകില്ല. നേരത്തെ പുകയില ഉൽപ്പന്നങ്ങൾക്കൊക്കെ നികുതി വർധിപ്പിക്കാമായിരുന്നു. കേരളത്തിൽ ഉണ്ടായ നഷ്ടം 8000 കോടി രൂപ മുതൽ 10000 കോടി രൂപ വരെയാണെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
