12 Jan 2024 1:47 PM IST
Summary
- 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരമാണ് നഗരസഭ കരസ്ഥമാക്കിയത്
- ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിലാണ് പുരസ്കാരം
- ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഡോക്യുമെന്റേഷനിലൂടെയുമാണ് പുരസ്കാരത്തിന് അർഹമായത്
മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷൻ-അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരമാണ് ആലപ്പുഴ നഗരസഭ കരസ്ഥമാക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി.
ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിലാണ് ആലപ്പുഴയ്ക്ക് പുരസ്കാരം. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഡോക്യുമെന്റേഷനിലൂടെയുമാണ് പുരസ്കാരത്തിന് അർഹമായത്. 2023 ജനുവരിയില്‍ സൈറ്റില്‍ അപ്ലോഡ് ചെയ്ത രേഖകള്‍ക്ക് സര്‍വ്വീസ് ലെവല്‍ പ്രോഗ്രസ് എന്ന രീതിയില്‍ 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യല്‍, ജൂലായ് ഏഴ് മുതല്‍ ആഗസ്റ്റ് 31 വരെ നടന്ന സിറ്റിസണ്‍ ഫീഡ്ബാക്ക് ക്യാമ്പയിന്‍, സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ സ്വച്ഛ് ഭാരത് മിഷനില്‍ നിന്നും നേരിട്ടുള്ള പരിശോധന തുടങ്ങിയവ പുരസ്‌കാര നേട്ടത്തിന് കാരണമായി.
നിര്‍മ്മല ഭവനം നിര്‍മ്മല നഗരം, മാലിന്യമുക്ത നവകേരളം ക്യാമ്പയിനുകള്‍, മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തെരുവ്- കനാല്‍ സൗന്ദര്യ വല്‍ക്കരണം, ഇടതോടുകളുടെ ശുചീകരണം, എറോബിക് സംവിധാനങ്ങള്‍, ഗാര്‍ഹിക ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം എന്നിങ്ങനെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തിയത്. ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നഗരത്തിലാകെ മിനി എം.സി.എഫ്., എം.സി.എഫ്., ആര്‍.ആര്‍.എഫ്. സംവിധാനങ്ങള്‍ ഒരുക്കി. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭ കൈവരിച്ച മികവും ഡോക്യുമെന്റേഷനിലൂടെ അപ്ലോഡ് ചെയ്തതും ജനകീയ അഭിപ്രായ സര്‍വ്വേക്കൊപ്പം പുരസ്‌കാര നേട്ടത്തിലേക്കെത്താന്‍ പരിഗണിക്കപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
