image

19 Jan 2024 12:38 PM IST

Kerala

നവകേരള സദസിലെ അപേക്ഷ; 45,127 മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു

MyFin Desk

application in navakerala sadas, 45,127 priority cards were distributed
X

Summary

  • ഇതുവരെ 3,67,786 കുടുംബങ്ങള്‍ക്കു മുന്‍ഗണനാ കാര്‍ഡ് നല്‍കി
  • ചികിത്സ സൗജന്യം ഉറപ്പാക്കാനും മുന്‍ഗണനാ കാര്‍ഡിലൂടെ കഴിയും
  • അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കും


ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും നവകേരള സദസില്‍ ലഭിച്ച അപേക്ഷകളും പരിഗണിച്ചു പുതുതായി 45127 പേർക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു. കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ നിർവഹിച്ചു.

ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഇതുവരെ 3,67,786 കുടുംബങ്ങള്‍ക്കു മുന്‍ഗണനാ കാര്‍ഡ് നല്‍കിയതായി മന്ത്രി പറഞ്ഞു. ഇപ്പോള്‍ വിതരണം ചെയ്യുന്ന 45127 കാര്‍ഡുകള്‍ കൂടി ചേരുമ്പോള്‍ 4,12,913 കുടുംബങ്ങള്‍ക്കു മുന്‍ഗണനാ കാര്‍ഡ് ലഭ്യമാകും. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, ചികിത്സാ സൗജന്യം ഉറപ്പാക്കാനും മുന്‍ഗണനാ കാര്‍ഡിലൂടെ കഴിയുമെന്നും, അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

മുന്‍ഗണനാ കാര്‍ഡിന് അപേക്ഷിക്കാന്‍ ഒക്ടോബര്‍ 10 മുതല്‍ 30 വരെ അവസരം നല്‍കിയിരുന്നു. 77470 അപേക്ഷകള്‍ ലഭിച്ചു. നവകേരള സദസില്‍ സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച 19485 അപേക്ഷകളില്‍ 12302 എണ്ണം റേഷന്‍ കാര്‍ഡ് തരംമാറ്റാനുള്ളതായിരുന്നു. ഇവയെല്ലാം പരിശോധിച്ച് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ 45127 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ കാര്‍ഡ് തരംമാറ്റി നല്‍കിയത്. ഇതില്‍ 590 പേര്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയവരാണ്.

ബാക്കിയുള്ള അപേക്ഷകളില്‍ ജനുവരി 31 ഓടെ പരിശോധന പൂര്‍ത്തിയാക്കി ഫെബ്രുവരി അഞ്ചിനു മുന്‍പു കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.