image

9 Oct 2025 11:39 AM IST

Kerala

വികസനക്കുതിപ്പിനൊരുങ്ങി വാട്ടർ മെട്രോ; ഡച്ച് പാലസിന് തൊട്ടടുത്ത് മട്ടാഞ്ചേരി ടെർമിനൽ

Rinku Francis

വികസനക്കുതിപ്പിനൊരുങ്ങി വാട്ടർ മെട്രോ; ഡച്ച് പാലസിന് തൊട്ടടുത്ത് മട്ടാഞ്ചേരി ടെർമിനൽ
X

Summary

ചെലവഴിച്ചത് 38 കോടി രൂപ; ഉദ്ഘാടനത്തിനൊരുങ്ങി രണ്ട് വാട്ട‍ർ മെട്രോ ടെർമിനലുകൾ


വികസനക്കുതിപ്പിന് ഒരുങ്ങുകയാണ് സംസ്ഥാനത്തിന് അഭിമാനമായ വാട്ടർ മെട്രോ. 38 കോടി രൂപ ചെലവഴിച്ച് നിർമിച്ച രണ്ട് ടെർമിനലുകൾ കൂടെ ഉദ്ഘാടനം ചെയ്യുന്നത് കൊച്ചിയിലെ വിനോദ സഞ്ചാര മേഖലക്കും ഉണർവാകും. മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലൻറ് ടെര്‍മിനലുകളാണ് ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. ദ്വീപ് നിവാസികൾ മാത്രമല്ല, കൊച്ചിയിലെത്തുന്ന നിരവധി വിനോദസഞ്ചാരികളും ഇപ്പോൾ വാട്ടർ മെട്രോയെ ആശ്രയിക്കുന്നുണ്ട്.

മൊത്തം വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി. 8000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെര്‍മിനല്‍ പൈതൃകമുറങ്ങുന്ന ഡെച്ച് പാലസിന് തൊട്ടടുത്താണ്. പഴയ ഫെറി ടെര്‍മിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനല്‍. രണ്ട് ടെര്‍മിനലുകളും പൂര്‍ണമായും വെള്ളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടുത്തെ വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിര്‍ത്തിയായിരുന്നു ടെർമിനൽ നിർമാണം.

മട്ടാഞ്ചേരിയിലെയും വില്ലിംഗഡണ്‍ ഐലന്റിലെയും വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിന് ജലഗതാഗത സംവിധാനം ഊര്‍ജം പകരും. പ്രവർത്തനം തുടങ്ങി 29 മാസങ്ങൾക്കുള്ളിൽ തന്നെ 50 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം വാട്ടർമെട്രോ കൈവരിച്ചിരുന്നു. 2023 ഏപ്രിൽ 25-നാണ് സർക്കാർ വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്.

കൂടുതൽ ടെർമിനലുകൾ ഉടൻ

ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് സൗത്ത്, ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലെ ടെർമിനലുകളിലൂടെയാണ് നിലവിൽ 20 ബോട്ടുകൾ സർവീസ് നടത്തുന്നത്. മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ് ടെർമിനലുകൾ പൂർത്തിയായത് കൂടാതെ അഞ്ച് പുതിയ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ ടെർമിനലുകളും ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും.

പ്രതിദിനം 24 കിലോമീറ്ററോളം ദൂരത്തിൽ അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതല്‍ രാത്രി 9 മണിവരെ 125 ട്രിപ്പുകളാണ് വാട്ടർ മെട്രോ ഇപ്പോൾ നടത്തുന്നത്. ആദ്യ 107 ദിവസം കൊണ്ട് തന്നെ 10 ലക്ഷം യാത്രക്കാരെ നേടാനായിരുന്നു.