25 Dec 2025 10:31 AM IST
Summary
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് കാര്‍ഡ് നല്‍കുന്നത്
കേരളത്തില്‍ ജനിച്ചതാണെന്ന ആധികാരിക രേഖയായി ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ നല്‍കി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത്. ഈ തീരുമാനം മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗപ്പെടത്താനാകും. നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖ ആയാണ് കാര്‍ഡ് നല്‍കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേറ്റിവിറ്റി കാര്‍ഡിന് നിയമ സാധുത ആയോ?
നിലവില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിയമ പ്രാബല്യമുള്ള രേഖയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ട്. ഈ വിഷയം പരാതിയായിത്തന്നെ സര്‍ക്കാരിനു മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല.
പഠിക്കാം & സമ്പാദിക്കാം
Home
