image

12 Jan 2023 8:45 AM GMT

Kerala

പ്ലാന്‍സ്പേസ് 2.0 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Tvm Bureau

planspace kerala gov inauguration cm
X

Summary

  • മന്ത്രിമാര്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്ലാന്‍സ്പേസ് പരിഷ്‌ക്കരിച്ചത്


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ പ്ലാന്‍സ്പേസ് 2.0 യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായിക്കുന്ന വെബ് അധിഷ്ഠിത സംയോജിത വിവര സംവിധാനമാണ് പ്ലാന്‍സ്‌പെയ്‌സ്.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തിലാണ് ഉദ്ഘാടനം ചെയ്തത്. പ്ലാന്‍സ്പേസിന്റെ പുതിയ പതിപ്പാണിത്. മന്ത്രിമാര്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്ലാന്‍സ്പേസ് പരിഷ്‌ക്കരിച്ചത്.

സംസ്ഥാന പദ്ധതികളുടെ ഓരോ സ്‌കീമുകളുടെയും അനുബന്ധ ഘടകങ്ങളുടെയും പുരോഗതി റിപ്പോര്‍ട്ടുകള്‍ എല്ലാ തലങ്ങളിലും തത്സമയം ലഭ്യമാകുമെന്നതാണ് പ്ലാന്‍സ്പേസ് 2.0 യുടെ പ്രത്യേകത. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ അവലോകനത്തിനും ഇത് സഹായിക്കും.

അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ വിലയിരുത്തലിനും പ്ലാന്‍സ്പേസ് 2.0 സഹായകരമാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് തത്സമയ അടിസ്ഥാനത്തില്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. പ്ലാന്‍സ്പേസ് 2.0വഴി പ്രസക്തമായ വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

ഭൗതിക പുരോഗതി മാപ്പ് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു വെബ് ജിഐഎസ് അധിഷ്ഠിത ഡാഷ്ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടപ്പാക്കലിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമുള്ള ഒരു ഓപ്ഷന്‍ പ്ലാന്‍സ്പേസ് 2.0 ല്‍ നല്‍കിയിട്ടുണ്ട്.

സ്‌കീമുകളുടെയും അവയുടെ ഘടകങ്ങളുടെയും ഗുണഭോക്താക്കളെ ട്രാക്ക് ചെയ്യാനും കണ്ടെത്താനും ഡാഷ്ബോര്‍ഡ് സഹായിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്ലാന്‍സ്പേസ് പുതിയ പതിപ്പിന്റെ പരിശീലന പരിപാടി പൂര്‍ത്തിയായിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണതലം വരെയുള്ള ആറായിരത്തിലധികം ഉദ്യോഗസ്ഥര്‍ക്ക് പുതിയ പതിപ്പിന്റെ പരിശീലനം നല്‍കിയിട്ടുണ്ട്