image

11 March 2026 8:32 PM IST

Kerala

ആറുവരിപ്പാത മുതല്‍ പോളിപ്രൊപ്പിലിന്‍ പ്ലാൻ്റ് വരെ; 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

MyFin Desk

ആറുവരിപ്പാത മുതല്‍ പോളിപ്രൊപ്പിലിന്‍ പ്ലാൻ്റ് വരെ; 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
X

Summary

ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ 5,500 കോടി രൂപയുടെ പോളിപ്രൊപ്പിലിന്‍ പ്ലാൻ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു


10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരന്നു ചടങ്ങ്. കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗം പകരുന്ന അവസരമാണ് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം രാമനാട്ടുകര ആറുവരിപ്പാതയും മോദി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഷൊര്‍ണൂര്‍ ജങ്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകളുടെയും ഷൊര്‍ണൂര്‍ നിലമ്പൂര്‍ റോഡ് റെയില്‍വേ ലൈന്‍ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും നിര്‍വഹിച്ചു. പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ലാഗ് ഓഫും പ്രധാനമന്ത്രി നടത്തി. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ 5,500 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ പോളിപ്രൊപ്പിലിന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു.

എഐ മേഖലയിലും സെമികണ്ടക്ടര്‍ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോര്‍ജ ശക്തിയില്‍ മുന്നിലാണ് രാജ്യം. കേരളവും സൗരോര്‍ജ മേഖലയില്‍ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിങ് സോളര്‍ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയില്‍ ചെലവഴിക്കുന്ന പണം തൊഴിവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.