9 Sept 2023 12:00 PM IST
Summary
- അമിത വിലയ്‌ക്കെതിരെയുള്ള ബദല്‍ മാതൃകയെന്ന് മന്ത്രി ജെ ചിഞ്ചുറാണി
സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന വര്‍ധന നിയന്ത്രിക്കാന്‍ പ്രതീക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ തെരെഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലാണ് പ്രതീക്ഷ നടപ്പിലാക്കുന്നത്.
ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില വര്‍ധനയിലാണ്. 160 രൂപയാണ് കിലോയ്ക്ക് ഇപ്പോള്‍ വില ഈടാക്കുന്നത്. 40 രൂപയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. നാടന്‍ കോഴിക്ക് കിലോ 420 രൂപയാണ് വില. ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതും കോഴിക്കുഞ്ഞിന്റെ വില ഉയര്‍ന്നതുമാണ് നിലവിലെ വിര വര്‍ധനമവിന് കാരണമായിരിക്കുന്നത്.
'കോഴി വില വര്‍ധനവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുന്ന അമിതഭാരം ലഘൂകരിക്കുന്നതിനുള്ള ബദല്‍ മാതൃകയാണ് പ്രതീക്ഷ പദ്ധതി. ഇത്തരത്തിലുള്ള നൂതന പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ പഞ്ചായത്തുകളില്‍ നാടന്‍ കോഴികളെ വളര്‍ത്തി മുട്ടക്കോഴി, ഇറച്ചി എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാല്‍, മുട്ട, ഇറച്ചി കോഴി ഉത്പാദനം എന്നിവയില്‍ കേരളം സ്വയംപര്യാപ്തതിലേക്ക് അടുക്കുകയാണ്,' മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
പ്രതീക്ഷ നല്‍കുന്ന പദ്ധതി
സംസ്ഥാന കുടുംബശ്രീ മിഷന്‍, വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ തിരെഞ്ഞെടുത്ത കര്‍ഷകര്‍ക്ക് മുട്ടക്കോഴികളുടെ പൂവന്‍ കുഞ്ഞുങ്ങളെയും നാടന്‍ ഇനത്തില്‍പെട്ടവയെയും, ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും ഈച്ചകളിലെ ലാര്‍വ്വ ഉത്പാദന യൂണിറ്റും ഏകോപിപ്പിച്ച് വീട്ടുമുറ്റത്ത് ഇറച്ചിക്കോഴികളായി വളര്‍ത്തിയെടുക്കുന്ന പരീക്ഷണ പദ്ധതിയാണ് പ്രതീക്ഷ.
സര്‍വകലാശാലയുടെ തുടര്‍ച്ചയായ ശാസ്ത്രസാങ്കേതിക പിന്തുണയോടെ ഗാര്‍ഹിക തീറ്റക്കൊപ്പം ലാര്‍വ്വകള്‍ കോഴികള്‍ക്ക് പോഷകാഹാരമായി നല്‍കുകയും വിലയിരുത്തലിന് ശേഷം സംസ്ഥാനമാകെ നടപ്പാക്കാവുന്ന സമഗ്ര പദ്ധതിയായി പ്രതീക്ഷയെ മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി 50 ഉത്പാദന യൂണിറ്റുകളാണ് വിതരണം ചെയ്യുക. ഓരോ യൂണിറ്റിനും 10 കോഴികള്‍ വീതമാണ് നല്‍കുന്നത്. വിപണിയില്‍ 48 രൂപയാണ് കോഴിക്കുഞ്ഞുങ്ങള്‍ക്ക് വില എത്തിയിരിക്കുന്നത്.
കല്യാണ സീസണ്‍ ആയതിനാല്‍ ഇറച്ചിക്കോഴിക്ക് ആവശ്യക്കാര്‍ കൂടുതലാണ്. നിലവില്‍ ഇറച്ചിക്കോഴിക്ക് ക്ഷാമം ഉള്ളതിനാല്‍ കച്ചവടക്കാര്‍ക്ക് വില്‍പ്പനക്കാവശ്യമായ ഉത്പന്നം ലഭ്യമല്ലെന്ന സ്ഥിതിയാണ്. സ്റ്റോക്ക് വില ഉയരുന്ന സാഹചര്യമാണിപ്പോഴുള്ളത്. വരും ദിവസങ്ങളിലും വില വര്‍ധന ഉണ്ടാകുമെന്നാണ് വിപണി വിവരം.
പഠിക്കാം & സമ്പാദിക്കാം
Home
