image

29 Dec 2022 12:28 PM GMT

Technology

ആനവണ്ടിയിലും ക്യു ആര്‍ കോഡ്, പേയ്‌മെന്റ് 'കട്ടപ്പുറത്താകാതെ' നോക്കാം

Thomas Cherian K

ksrtc phonepe qr code
X

Summary

  • സേവനം വരുന്നതോടെ ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.


കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാന്‍ ഫോണ്‍ പേ സംവിധാനം വരുന്നതോടെ ഇ-ടിക്കറ്റ് എടുക്കാനുള്ളവരുടെ എണ്ണം വര്‍ധിക്കുമെന്നുറപ്പ്. എന്നാല്‍ തിരക്ക് പിടിച്ച് ബസില്‍ കയറി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാമെന്ന് കരുതുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളും മുന്‍കൂട്ടി കണ്ടോണം.

ആദ്യഘട്ടത്തില്‍ സൂപ്പര്‍ ബസുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ഫോണ്‍ പേ സേവനം വരും മാസങ്ങളില്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വ്യാപിപ്പിച്ചേക്കും. ഓരോ ബസിലും പതിപ്പിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക അടയ്ക്കണം. എന്നിട്ട് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായെന്ന് കണ്ടക്ടറെ ഫോണ്‍ കാണിച്ച് ബോധ്യപ്പെടുത്തുമ്പോഴാണ് 'ടിക്കറ്റെടുക്കല്‍' പൂര്‍ത്തിയാകുന്നത്.

തര്‍ക്കും കുറയുമോ അതോ മുറുകുമോ ?

സേവനം വരുന്നതോടെ ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ ഉണ്ടാകുന്ന ചില തിരിച്ചടികള്‍ ബസിനുള്ളിലും സംഭവിക്കാമെന്നതിനാല്‍ കുറച്ച് ചില്ലറ കൂടി കയ്യില്‍ കരുതാം. ബസ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും ഫോണിന്റെ റേഞ്ച് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും പണം ഡിജിറ്റലായി നല്‍കുന്നതിന് വില്ലനായേക്കും. ഒരേ സമയം കുറച്ചധികം ആളുകള്‍ ഒരേ അക്കൗണ്ടിലേക്ക് തന്നെ പണം ഇടുന്നതിനാല്‍ ട്രാന്‍സാക്ഷന്റെ ക്യൂ എന്നത് വര്‍ധിക്കുകയും പണം വൈകി മാത്രം ക്രെഡിറ്റ് ആകാനും സാധ്യതയുണ്ട്. മാത്രമല്ല ചിലപ്പോള്‍ ട്രാന്‍സാക്ഷന്‍ ഫെയില്‍ഡ് (തടസപ്പെടുക) ആയെന്നും വരാം.

ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍!

ഇനി മറ്റൊരു കാര്യം കൂടിയുണ്ട്. ബസിലെ തിരക്കിനിടയില്‍ 'തിരക്കിട്ട്' നടത്തുന്ന ഇടപാടായതിനാല്‍ ഫോണ്‍ പേയില്‍ എന്റര്‍ ചെയ്യുന്ന അക്കങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കുക. 100 രൂപയാണ് ടിക്കറ്റ് തുകയെങ്കില്‍ ഒരു പൂജ്യം അറിയാതെ കൂടിപ്പോവുകയും ആ തുക ട്രാന്‍സാക്ഷന്‍ ആകുകയും ചെയ്താല്‍ ബാക്കി തുക തിരികെ തരണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെടുന്നത് മറ്റൊരു നൂലാമാലയാകാം.

നെറ്റ് ബാലന്‍സ് നിര്‍ബന്ധം

ഇനിയാണ് മറ്റൊരു രസകരമായ സംഗതി. ഫോണില്‍ നെറ്റ് ബാലന്‍സ് ഇല്ലെങ്കിലും ടിക്കറ്റെടുപ്പ് നടക്കില്ല. അതിനാല്‍ നെറ്റ് ഉണ്ടെന്നും യാത്രയ്ക്ക് മുന്‍പ് ഉറപ്പാക്കുക. അഥവാ ബസിലെ ഒരു സഹയാത്രികന് ഫോണില്‍ നെറ്റ് ഇല്ല എന്ന് കണ്ടാല്‍ ഹോട്ട് സ്പോട്ട് വഴി ഇന്റര്‍നെറ്റ് അല്‍പനേരം പങ്കുവെക്കാനുള്ള സുമനസുമായി ബസില്‍ കയറുന്നത് ഈ പ്രശ്നത്തിന് 'ജനകീയ' പരിഹാരമായേക്കും.

ബസില്‍ ഫോണ്‍പേ സേവനം വന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ തര്‍ക്കങ്ങളോ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കട്ടപ്പുറത്താകാതെ കട്ടയ്ക്ക് നില്‍ക്കാന്‍ കെഎസ്ആര്‍ടിസി ചെയ്യുന്ന ചുവടുവെപ്പുകള്‍ എന്തായാലും വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.