image

10 March 2026 9:05 PM IST

Kerala

റൈഡ് വിത്ത് പ്രൈഡ്; വനിതകള്‍ക്കായി റാപിഡോ പിങ്ക് മൊബിലിറ്റി പദ്ധതിക്ക് തുടക്കം

MyFin Desk

റൈഡ് വിത്ത് പ്രൈഡ്; വനിതകള്‍ക്കായി റാപിഡോ പിങ്ക് മൊബിലിറ്റി പദ്ധതിക്ക് തുടക്കം
X

Summary

സ്ത്രീകളെ പ്രൊഫഷണല്‍ റൈഡര്‍മാരാക്കി ഗതാഗത മേഖലയിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം


പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോ കേരള മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് പിങ്ക് മൊബിലിറ്റി പദ്ധതി ആരംഭിച്ചു. വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് പിങ്ക് മൊബിലിറ്റി പദ്ധതിക്കും റാപിഡോ ശക്തി എന്ന പ്രത്യേക പദ്ധതിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഈ പദ്ധതി ആരംഭിക്കും. സ്ത്രീകളെ പ്രൊഫഷണല്‍ റൈഡര്‍മാരാക്കി ഗതാഗത മേഖലയിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെ സഹകരണത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വനിതാ ക്യാപ്റ്റന്‍മാര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കിയ ശേഷമാണ് ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി സ്റ്റാഫ് ട്രെയിനിംഗ് സെന്ററില്‍ ബാച്ച് അടിസ്ഥാനത്തില്‍ പരിശീലനം നടക്കും. ഓരോ ബാച്ചിലും 50 വനിതകള്‍ക്കാണ് പരിശീലനം നല്‍കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും നല്‍കും. റാപിഡോ പ്ലാറ്റ്ഫോമിലൂടെ വനിതകള്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതകളിലൊന്നാണ്.

പ്രധാന പരിശീലന വിഷയങ്ങള്‍

സുരക്ഷിതമായ റൈഡിംഗ് രീതികളും ട്രേഡ് തിയറിയും

ട്രാഫിക് നിയമങ്ങളുടേയും മോട്ടോര്‍ വാഹന നിയമങ്ങളുടേയും അവബോധം

ഓണ്‍ലൈന്‍ ടാക്‌സി, ഹയര്‍ ഓപ്പറേഷന്‍സ് എന്നിവയിലെ സാങ്കേതിക വിദ്യകള്‍

പ്രഥമശുശ്രൂഷാ പരിശീലനം

യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള പെരുമാറ്റ രീതികള്‍

തിരുവനന്തപുരത്ത് നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം, കെഎസ്ആര്‍ടിസി സിഎംഡി പി.എസ് പ്രമോജ് ശങ്കര്‍, റാപിഡോ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആശിഷ് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. 2015-ല്‍ ആരംഭിച്ച റാപിഡോ രാജ്യത്തെ 400-ലധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.