14 Sept 2026 5:36 PM IST
Summary
പല ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വരവ്-ചെലവ് കണക്കുകൾ സന്തുലിതമാക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. കേരളവും നന്നായി വിയർക്കേണ്ടി വരുമെന്ന് സിഎജി.
റെവന്യൂ ചെലവുകളിലെ വർധനവ്, മൂലധന ചെലവുകളിലെ കുറവ്, വർധിച്ചുവരുന്ന കടബാധ്യതകൾ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന സൂചനയുമായി സിഎജി . കേരളത്തിലും സ്ഥിതി ഒട്ടും ആശാവഹമല്ല.
പല ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വരവ്-ചെലവ് കണക്കുകൾ സന്തുലിതമാക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. വരും വർഷങ്ങളിലെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ സ്ഥിരതയ്ക്ക് ഇത് ആശങ്കാജനകമാണെന്നാണ് സിഎജി നൽകുന്ന മുന്നറിയിപ്പ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതോ വികസനം കുറഞ്ഞതോ ആയ സംസ്ഥാനങ്ങൾക്ക് മാത്രമുള്ള വെല്ലുവിളിയല്ല ഇത്. മികച്ച പ്രകടനം കാഴ്ച വക്കുന്ന സംസ്ഥാനങ്ങളും ഞെരുങ്ങിയേക്കാം.
ശമ്പളം, പലിശയും കടം തിരിച്ചടയ്ക്കലും, സബ്‌സിഡികൾ, ക്ഷേമപദ്ധതികൾ എന്നിവയ്ക്കുള്ള ചെലവ് വർധിച്ചതോടെ റവന്യൂ ചെലവുകൾ കൂടിവരികയാണ്. ക്ഷേമപദ്ധതികൾക്കായി കൂടുതൽ പണം വകയിരുത്തേണ്ടി വരുന്ന സംസ്ഥാനങ്ങൾക്ക് ഇത് വെല്ലുവിളിയാണ്.
സമീപ മാസങ്ങളിൽ തമിഴ്നാടിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടുകളിൽ സിഎജി ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധനകമ്മി നിരക്കുകളും കടത്തിന്റെ അനുപാതവും നിശ്ചിത പരിധിക്കുള്ളിൽ തന്നെയാണെങ്കിലും, തമിഴ്നാടിൻ്റെ സാമ്പത്തിക ഘടനയിൽ റവന്യൂ വളർച്ചാ ശേഷി കുറയുന്നതും , ഉയരുന്ന ചെലവുകളും, സബ്‌സിഡികളും, വായ്പകളുടെ കാര്യക്ഷമമല്ലാത്ത വിനിയോഗവും പ്രകടമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ മൂലധന ചെലവ് വർധിച്ചെങ്കിലും, അത് ആകെ ചെലവിന്റെ 12.14 ശതമാനവും ജിഎസ്ഡിപിയുടെ 1.51 ശതമാനവും മാത്രമാണ്. ഇത് എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരിയേക്കാൾ പക്ഷേ കുറവാണ്. തമിഴ്നാടിൻ്റെ സ്ഥിതി ഇതാണെങ്കിൽ കേരളത്തിൻ്റേത് പറയേണ്ടതില്ലല്ലോ.
ഉയരുന്ന റെവന്യൂ ചെലവുകൾ, കടബാധ്യത
2025-26-ലെ പുതുക്കിയ കണക്കായ 2.6 ശതമാനത്തിൽ നിന്ന് 2026-27-ൽ കേരളത്തിന്റെ വരുമാനക്കമ്മി ജിഎസ്ഡിപിയുടെ 2.2 ശതമാനമായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിലും കേരളത്തിലും വലിയ പ്രതിസന്ധിയുണ്ട്.
2025-ലെ സാമ്പത്തിക വർഷം ആകെ ചെലവുകളിൽ 8.97 ശതമാനം വർധനവുണ്ടായി. റെവന്യൂ ചെലവിലുമുണ്ട് 10 ശതമാനത്തിനടുത്ത് വർധന. 13,294.44 കോടി രൂപയോളമാണിത് .2025-ലെ സാമ്പത്തിക വർഷത്തിൽ മൂലധന ചെലവ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 17,886.78 കോടി രൂപയിലെത്തി.
അതേസമയം സംസ്ഥാനത്തിന്റെ ബജറ്റിൽ ഉൾപ്പെടുത്താതെ, എന്നാൽ സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് തിരിച്ചടവ് നടത്തുന്ന 'ഓഫ്-ബജറ്റ്' വായ്പകളെ കേരളം ഇപ്പോഴും വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. കിഫ്ബി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയാണ് ഇത്തരം വായ്പകൾ എടുത്തിരുന്നത്. ഇവക്ക് പകരമുള്ള ബദൽ മാർഗങ്ങൾ പുതിയ സർക്കാർ കാര്യക്ഷമമാക്കിയിട്ടില്ല. വായ്പകൾ വർധിക്കുകയും സാമ്പത്തിക ഏകീകരണ നടപടികൾ പ്രതിസന്ധിയിലാവുകയും ചെയ്യുന്നത് കേരളത്തിനും തിരിച്ചടിയായേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
