image

5 July 2023 2:00 PM IST

Kerala

എഐ ക്യാമറകള്‍ ഒപ്പിയെടുത്തത് 20.42 ലക്ഷം നിയമലംഘനങ്ങള്‍

Kochi Bureau

ai cameras caught 20.42 lakh violations
X

Summary

  • അപകട മരണങ്ങളിലും കാര്യമായ കുറവ് രേഖപ്പെടുത്തി


സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ ഒരു മാസം കൊണ്ട് പിഴയിട്ടത് 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ക്ക്. ഇവ സൂക്ഷ്മമായി പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാന്‍ അയക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം, കഴിഞ്ഞ ഒരു മാസത്തെ കണക്കുകള്‍ പരിശോധിച്ചതില്‍നിന്ന്, സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ ഗണ്യമായകുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ക്യാമറ സ്ഥാപിച്ച ശേഷം, ഇക്കഴിഞ്ഞ ജൂണില്‍ ഇത് 1278 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 344 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ഇത്തവണ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 140 ആയി കുറഞ്ഞു. 2022 ജൂണില്‍ വാഹനാപകടങ്ങളില്‍പ്പെട്ട് 4172 പേര്‍ക്കു പരുക്കേറ്റപ്പോള്‍ ഇത്തവണ അത് 1468 ആയി കുറയ്ക്കാനും കഴിഞ്ഞു.

റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ ഏറെ പ്രയോജനം ചെയ്യുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്ക് അപ്പീല്‍ നല്‍കുന്നതിനും പരാതി അറിയിക്കുന്നതിനുമുള്ള പരാതി പരിഹാര ആപ്ലിക്കേഷന്‍ ഓഗസ്റ്റ് അഞ്ചിനു പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ അഞ്ചു മുതലാണ് എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്കു പിഴ ഈടാക്കിത്തുടങ്ങിയത്. ഈ മാസം മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനില്‍ 1,04,063 എണ്ണം തപാല്‍ വകുപ്പിനു കൈമാറി.

നിയമ ലംഘനം നടത്തുന്ന ഓരോ വ്യക്തികള്‍ക്കുമാണു പിഴ ചുമത്തുന്നത്. ഐ.ടി.എം.എസിലേക്കു മാറ്റിയ നിയമ ലംഘനങ്ങളില്‍ ആകെ 2,14,753 പേര്‍ക്കു പിഴ ചുമത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ച 73,887 പേര്‍ക്ക് പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയാണ് ഇതില്‍ മുന്നില്‍. 19482 പേരാണ് തിരുവനന്തപുരത്ത് ഹെല്‍മെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 619 പേര്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്കു ഹെല്‍മെറ്റ് ഇല്ലാത്തതിന് 30213 പേര്‍ക്കു പിഴ ചുമത്തി.

സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 49775 പേര്‍ക്കു പിഴ ചുമത്തി. 5622 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. 1932 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തില്‍ നിയമ ലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാതിരുന്ന 57032 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കൂടുതല്‍ മലപ്പുറം 8169, കുറവ് ഇടുക്കി 2348. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 1846 പേര്‍ക്കു പിഴ ചുമത്തി. (കൂടുതല്‍ തിരുവനന്തപുരം 312, കുറവ് ഇടുക്കിയില്‍ ഒന്‍പത്), ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ യാത്ര ചെയ്തതിന് 1818 പേര്‍ക്കു പിഴ ചുമത്തി. കൂടുതല്‍ തിരുവനന്തപുരം 448, കുറവ് കണ്ണൂരില്‍ 15. ആകെ ചെല്ലാന്‍ ജനറേറ്റ് ചെയ്ത നിയമ ലംഘനങ്ങളില്‍നിന്നായി 7,94,65,550 രൂപയാണു സര്‍ക്കാരിലേക്കു ലഭിക്കുന്നത്. ഇതില്‍ 81,7,800 രൂപ ലഭിച്ചു.

എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ പ്രോസസ് ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനു കെല്‍ട്രോണിനു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ച് മൂന്നു മാസത്തിനകം ഇവ പ്രോസസ് ചെയ്തു തീര്‍ക്കും.

ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള അപ്പീലുകള്‍ നല്‍കുന്നതിനായി പുറത്തിറക്കുന്ന ആപ്ലിക്കേഷനു പുറമേ ജില്ലാതല കമ്മിറ്റി രൂപീകരിക്കാന്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്യസംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ ഡാറ്റബേസില്‍ ലഭ്യമാക്കിയിട്ടുണ്ട്.

റോഡിനു വീതി കൂട്ടിയപ്പോള്‍ മാറ്റേണ്ടിവന്ന 16 ക്യാമറകള്‍ ജൂലൈ 31നുള്ളില്‍ മാറ്റി സ്ഥാപിക്കും. നോ പാര്‍ക്കിങ് മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നോ പാര്‍ക്കിങ് മേഖലകള്‍ കൃത്യമായി നിര്‍ണയിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ ചേരുകയും ഇത്തരം മേഖലകളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചും വാഹനങ്ങള്‍ നിരത്തിലിറക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ നേരിട്ടു പരിശോധന നടത്തുന്ന ഡ്രൈവുകള്‍ നടത്തും. പുതുക്കിയ വാഹന വേഗപരിധി, പാര്‍ക്കിങ് സ്ഥലങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ജൂലൈ 5ന് ചേരുമെന്നും മന്ത്രി പറഞ്ഞു.