image

26 Jun 2023 11:45 AM IST

Kerala

ശബരിമല വിമാനത്താവളം; നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

Kochi Bureau

Summary

  • ശബരിമല വിമാനത്താവളം കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളുടെ മാതൃകയില്‍


ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി. കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളുടെ മാതൃകയില്‍ സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂര്‍ത്തിയാക്കുകയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത് ശുഭസൂചകമാണെന്നും കൊച്ചി,സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് റോഡ്, ജലഗതാഗത മേഖലയിലെ നവീന പദ്ധതികള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റു 40 ഓളം നഗരങ്ങളില്‍ നടപ്പാക്കാന്‍ കഴിയുന്ന മികച്ച മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം മുന്നോട്ടി'ന്റെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് എം.പിയാണ്. സംസ്ഥാനത്തെ ഗതാഗത മേഖലയുടെ വികസനത്തെക്കുറിച്ചാണ് പുതിയ എപ്പിസോഡ്.

കിഫ്ബി ചീഫ് പ്രൊജക്ട് എക്സാമിനര്‍ എസ് ജി വിജയദാസ്, മഹാരാജാസ് കോളജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സന്തോഷ് ടി വര്‍ഗീസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സരിത വര്‍മ, നടന്‍ പ്രശാന്ത് അലക്സാണ്ടര്‍, മല്ലു ട്രാവലര്‍ ഷക്കീര്‍ സുഭാന്‍ എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് 'നാം മുന്നോട്ട്' പരിപാടി നിര്‍മിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമല വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ടേംസ് ഓഫ് റവറന്‍സ് (ടിഒആര്‍) അനുമതി നല്‍കിയത് . കഴിഞ്ഞ മാസം ഡെല്‍ഹിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ വിദഗ്ധ വിലയിരുത്തല്‍ കമ്മിറ്റിയാണ് (ഇഎസി) ടിഒആര്‍ ശുപാര്‍ശ ചെയ്ത്. കോട്ടയം ജില്ലയില്‍ 3411 കോടി രൂപ ചെലവിലാണ് ശബരിമല വിമാനത്തവളം യാഥാര്‍ത്ഥ്യമാകുന്നത്.

ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന കോട്ടയം എരുമേലിയില്‍ ഏകദേശം 2570 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥാപിക്കാന്‍ പദ്ധതി. സാമൂഹിക ആഘാതം സംബന്ധിച്ച കരട് റിപ്പോര്‍ട്ട് തിരുവന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് തയ്യാറാട്ടിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് നടപടികളെല്ലാം തന്നെ അന്തിമ ഘട്ടത്തിലാണെന്ന് എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചിരുന്നു. പദ്ധതിയുടെ പ്രവര്‍ത്തന ഘട്ടത്തില്‍ 600 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ ഒതുങ്ങി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി എരുമേലിയിലും മുക്കടയിലും സ്ഥലം ഉടമകളുടെ ഹിയറിങ്ങില്‍ ജനങ്ങള്‍ ആശങ്കകള്‍ പങ്കുവച്ചിരുന്നു.