image

5 Sept 2023 12:48 PM IST

Kerala

കേരളത്തില്‍ നിന്നുള്ള പുതിയ ടയര്‍ കമ്പനി സിറ്റ്‌കോ ടയറിന് തുടക്കം

MyFin Desk

kerala | tyre companies | rubber dealer | local market | dealers stressed
X

Summary

നിലമ്പൂര്‍ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്


നിലമ്പൂരില്‍ നിന്നുള്ള പുതിയ ടയര്‍ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. മാനുഫാക്ചറിങ്ങ് മേഖലയിലെ പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുന്നത്.

റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രംഗത്ത് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് ഇത്തരം ഉല്‍പന്നങ്ങളുമായി വിപണിയിലെത്തുന്നവര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോൾ കേരളത്തിൽ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വ്യവസായ നയം പ്രകാരം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് സർക്കാർ നൽകുന്നതെന്നും പി. രാജീവ് വ്യക്തമാക്കി. 1050 കോടി രൂപയുടെ റബ്ബർ പാർക്ക് കോട്ടയം ജില്ലയിൽ ആരംഭിക്കുന്നുണ്ട്. ഇതിൻ്റെ കൂടി ഭാഗമായി ടയര്‍ നിര്‍മാണ, വിപണന രംഗങ്ങളിലും മാറ്റമുണ്ടാകുന്നു എന്നാണ് പുതിയ ടയർ കമ്പനിയുടെ വരവ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അന്താരാഷ്ട്ര നിലവാരമുള്ള ടയറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സിറ്റ്‌കോ ടയറിന് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. സിറ്റ്‌കോ ചെയര്‍മാന്‍ പാണക്കാട് ഹമീദലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പിവി അബ്ദുള്‍ വഹാബ് എംപി, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ സലീം മാട്ടുമ്മല്‍, സിറ്റ്‌കോ ഡയറക്ടര്‍മാരായ സലീം എടക്കര, എം റ്റി ഷമീര്‍, ഇസ്ഹാബ് അടുക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.