image

3 March 2026 5:16 PM IST

Kerala

ബ്രഹ്‌മോസിന് സൗജന്യ ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

MyFin Desk

ബ്രഹ്‌മോസിന് സൗജന്യ ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
X

Summary

പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്‌മോസ് വ്യവസായ വകുപ്പിനെ സമീപിക്കുകയായിരുന്നു


ബ്രഹ്‌മോസ് ഏറോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് 180 ഏക്കര്‍ ഭൂമി സൗജ്യനമായി കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ബ്രഹ്‌മോസ് ഏറോസ്‌പേസിൻ്റെ നിലവിലുള്ള പ്രതിരോധ നിര്‍മാണം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറുന്നത്.

തിരുവനന്തപുരം കാട്ടാക്കട താലൂക്കില്‍ കള്ളിക്കാട് വില്ലേജിലെ 180 ഏക്കര്‍ ഭൂമിയാണ് ബ്രഹ്‌മോസ് ഏറോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് സൗജന്യമായി പതിച്ചു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഡ്വാന്‍സ്ഡ് മിസൈല്‍ ആന്‍ഡ് അദര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മിക്കുന്നതിനും അതിനോട് അനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഭൂമി ഉപയോഗിക്കാവു എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക.

പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്‌മോസ്, വ്യവസായ വകുപ്പിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വ്യവസായ വകുപ്പ് റവന്യൂ മന്ത്രിയുമായി ചര്‍ച്ച നടത്തി രണ്ട് സ്ഥലങ്ങള്‍ പ്രാഥമികമായി കണ്ടെത്തി. പിന്നാലെ റവന്യൂ, വ്യവസായം, DRDO സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതി പ്രദേശം കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ സ്ഥലം വിട്ടുനല്‍കുന്നതില്‍ തടസമുണ്ടായിരുന്നു. നിയമവകുപ്പിൻ്റെയും എജിയുടേയും നിയമോപദേശത്തിൻ്റെയും മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിൻ്റെയും അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുമതി നേടുകയും ചെയ്തു.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ കേരളത്തിൻ്റെ സംഭാവന പലമടങ്ങ് വര്‍ധിക്കുകയാണ്. ഇതിനൊപ്പം 15 വര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം ലഭിക്കാനും, 500ല്‍ അധികം ഹൈസ്‌കില്‍ എഞ്ചിനീയറിങ്ങ്/ടെക്‌നിക്കല്‍ ജോലികള്‍ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും. ഒപ്പം നിരവധി പരോക്ഷ തൊഴിലവസരങ്ങള്‍ക്കും പദ്ധതി വഴിയൊരുക്കും.