image

10 Dec 2022 9:30 AM GMT

Kerala

വരുമാനം കുറഞ്ഞു: താളം തെറ്റുന്ന കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമങ്ങള്‍

MyFin Bureau

വരുമാനം കുറഞ്ഞു: താളം തെറ്റുന്ന കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമങ്ങള്‍
X

Summary

  • കൊച്ചി രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ഇവരുടെ പൂര്‍വ്വികര്‍ ആദ്യമായി കേരളത്തിലേക്ക് വരുന്നത്.
  • ഒരുകാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തിനിന്ന കുത്താമ്പുള്ളിയിലെ നെയ്ത്തുശാലകള്‍ ഇന്ന് താളം പിഴച്ച അവസ്ഥയിലാണ്.
  • നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കുത്താമ്പുള്ളി ഗ്രാമം ഇന്ന് ഓളം നിലച്ച നിളപോലെ നിന്നുപോകുന്ന സ്ഥിതിയിലാണ്


അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്ക് വന്ന് ഇവിടെ താമസമാരംഭിച്ച ഒരുകൂട്ടം മനുഷ്യര്‍. അവരിവിടെ കുലത്തൊഴിലായ നെയ്ത്ത് ഉപജീവനമാര്‍ഗമാക്കി ജീവിച്ചു. വൈകാതെ അവര്‍ നെയ്തെടുത്ത വസ്ത്രങ്ങള്‍ക്ക് കേരളത്തിലും കൂടാതെ ലോകത്തെമ്പാടും പ്രശസ്തമാകാന്‍ തുടങ്ങി. വൈകാതെ അവര്‍ ജീവിച്ച നാടിന്റെ പേരില്‍ ഒരു ബ്രാന്റ് ഉയര്‍ന്നുവന്നു. പറഞ്ഞുവരുന്നത് കുത്താമ്പുള്ളിയെയും അവിടെ നിന്നും പ്രശസ്തിയിലേക്കെത്തിയ കൈത്തറി വസ്ത്രങ്ങളെയും കുറിച്ചാണ്. ഒരുകാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തിനിന്ന കുത്താമ്പുള്ളിയിലെ ഇന്ന് താളം പിഴച്ച അവസ്ഥയിലാണ്.

കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമങ്ങളുടെ ചരിത്രം

ഏതാണ്ട് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിവന്ന ദേവാംഗ സമുദായത്തില്‍ പെട്ട ആളുകളാണ് തൃശൂര്‍ ജില്ലയിലെ കുത്താമ്പുള്ളിയിലെ നെയ്ത്തുഗ്രാമങ്ങളില്‍ താമസിക്കുന്നത്. കൊച്ചി രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ഇവരുടെ പൂര്‍വ്വികര്‍ ആദ്യമായി കേരളത്തിലേക്ക് വരുന്നത്. വസ്ത്രങ്ങള്‍ നെയ്തുകൊടുക്കാനായി ആണ് ഇവരെ രാജാവ് ഇങ്ങോട്ടേക്ക് ക്ഷണിച്ചത്. പിന്നീട് ഇവര്‍ ഇവിടെത്തന്നെ നെയ്ത്തുമായി കൂടുകയായിരുന്നു. കുലത്തൊഴിലായ നെയ്ത്ത് തന്നെയായിരുന്നു കുറച്ചുകാലം മുമ്പുവരെ ഇവരുടെ ഏക ഉപജീവനമാര്‍ഗം. എന്നാല്‍ കാലം മുന്നോട്ടുപോയതോടെ കുലത്തൊഴിലിനെ സംരക്ഷിക്കാന്‍ ആളുകള്‍ ഇല്ലാതായി. അഞ്ഞൂറു കുടുംബങ്ങളുള്ള ഈ ഗ്രാമത്തില്‍ ഇന്നത്തെ തലമുറയില്‍ നിന്ന് നെയ്ത്ത് തൊഴിലായി കൊണ്ടുനടക്കുന്നവര്‍ വിരളമാണ്.

ദിവസങ്ങളോളം നീണ്ട പ്രയത്നം

കൈത്തറി വസ്ര്തങ്ങളുടെ നിര്‍മ്മാണം എന്നത് ദിവസങ്ങള്‍ നീണ്ട അധ്വാനമാണ്. രാവും പകലും അധ്വാനിച്ചാലും പലര്‍ക്കും നേടാന്‍ സാധക്കുന്നതോ ചെറിയ വരുമാനമാനവും. കുലത്തൊഴിലായതുകൊണ്ടും വേറെ ജോലികള്‍ അറിയാത്തതുകൊണ്ടും കുറച്ച് പ്രായമായവര്‍ മാത്രമാണ് ഇപ്പോള്‍ നെയ്ത്തുമായി ജീവിക്കുന്നുള്ളൂ. ഇന്നത്തെ തലമുറയില്‍ പെട്ട ആരും തന്നെ നെയ്ത്തില്‍ പങ്കാളികളല്ല. അവര്‍ ഒന്നുകില്‍ കൈത്തറി വസ്ര്തങ്ങളുടെ വ്യാപാരം നടത്തുന്നവരോ അല്ലെങ്കില്‍ മറ്റുജോലികള്‍ ചെയ്യുന്നവരോ ആണ്.


അധ്വാനം കൂടുതല്‍ വരുമാനം കുറവ്

ഒരു ദിവസം മൊത്തം നെയ്താലും 250 രൂപയില്‍ കൂടുതല്‍ കൂലി കിട്ടില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. മാത്രമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. കുത്താമ്പുള്ളിയില്‍ കൈത്തറിവില്‍ക്കുന്ന കടകള്‍ ഒരുപാടുണ്ട്. അവിടേക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇവര്‍ നെയ്യുന്നത്. കടകള്‍ നടത്തുന്നതും ഇവിടെ ഉള്ള പുതുതലമുറയില്‍പെട്ടവര്‍ തന്നെ.

അന്യം നിന്ന നെയ്ത്തിന്റെ താളം

നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കുത്താമ്പുള്ളി ഗ്രാമം ഇന്ന് ഓളം നിലച്ച നിളപോലെ നിന്നുപോകുന്ന സ്ഥിതിയിലാണ്. പാലക്കാടിന്റെ മണ്ണിലും നെയ്ത്തു ഗ്രാമങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. കര്‍ണ്ണാടകത്തിന് പുറമെ തെലുങ്കുനാട്ടില്‍ നിന്നും ആളുകള്‍ ഇവിടെ വന്ന് കൈത്തറി ഗ്രാമങ്ങള്‍ പണിതുയര്‍ത്തി. ചിറ്റൂരിലെ ശോകനാശിനിയിലും വടക്കേത്തറയിലും നെയ്ത്തുഗ്രാമങ്ങള്‍ ഉണ്ടായിരുന്നു.

ഒറ്റപ്പാലത്തിന്റെ അതിരോടുചേര്‍ന്നുകിടക്കുന്ന കുത്താമ്പുള്ളിയും പാലപ്പുറവും നെയ്ത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ച സ്ഥലങ്ങളായിരുന്നു. ഷൊര്‍ണ്ണൂരും കണ്ണിയമ്പുറവും നെയ്ത്തിന്റെ കേന്ദ്രമായിരുന്നു. കൂടാതെ മണ്ണാര്‍ക്കാടും കോട്ടപ്പുറവും കുത്താനശ്ശേരിയും കരുമാനംകുറുശ്ശിയുമെല്ലാം നെയ്ത്തുകൊണ്ട് സമ്പന്നമായിരുന്നു.

ഇന്ന് പല നെയ്ത്തുഗ്രാമങ്ങളും ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. ജോലി ചെയ്യാന്‍ ആളുകളില്ലാതെയും വേണ്ടെത്ര വരുമാനം ലഭിക്കാതെ തൊഴില്‍ ഉപേക്ഷിച്ചും നെയ്ത്തിനെ അകറ്റി നിര്‍ത്തി. ഇനി ഒരു മടക്കം അതിന് സാധ്യമല്ല. ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഒരുനെയ്ത്തുഗ്രാമത്തെ പടുത്തുയര്‍ത്താന്‍ മാത്രം കെല്‍പുള്ളവയല്ല.