12 Feb 2026 1:31 PM IST
Summary
തൊഴിലിടങ്ങളിലെ പരാതികൾ രേഖപ്പെടുത്താൻ ഇനി സർക്കാരിൻ്റെ മൊബൈൽ ആപ്പ്
തൊഴിലിടങ്ങളിലെ സുരക്ഷാപ്രശ്‌നങ്ങള്‍ അധികൃതകരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇനി ഓഫീസുകള്‍ കയറിയിറങ്ങണ്ട, വരുന്നു തൊഴില്‍ സുരക്ഷ മൊബൈല്‍ ആപ്പ്. കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് തൊഴില്‍ സുരക്ഷ ആപ്പ്. ഇനി മുതല്‍ തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ഭയം കൂടാതെ അധികൃതരെ അറിയിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആപ്പ് ഉദ്ഘാടനം ചെയ്തു.
തൊഴില്‍ സുരക്ഷ ആപ്പിന്റെ പ്രത്യേകതകള്‍ എന്തൊക്കെ?
വോയ്‌സ് നോട്ടുകളായി പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. മലയാളം ഉള്‍പ്പെടെ പതിനൊന്നിലധികം ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍, എഴുത്തും വായനയും അറിയാതെ ബുദ്ധിമുട്ടുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരാതികൾ പറഞ്ഞാൽ മതിയാകും. ഭാഷിണി പ്ലാറ്റ്‌ഫോമിന്റെ സ്പീച്ച് ടു ടെക്സ്റ്റ് സംവിധാനമാണ് ഇതിന് ഉപയോഗപ്പെടുത്തുക.
വോയ്‌സ് കൂടാതെ ടെക്‌സറ്റായോ, ഫോട്ടോ, വീഡിയോ തുടങ്ങിയ രൂപങ്ങളിലോ പരാതികള്‍ സമര്‍പ്പിക്കാം. നല്‍കിയ പരാതികളുടെ നിലവിലെ സ്ഥിതിയെന്തെന്ന് അറിയാനുള്ള സംവിധാനവും ആപ്പില്‍ ലഭ്യമാണ്. ഒടിപി സംവിധാനം വഴി ആപ്പിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മാര്‍ച്ച് ആദ്യ വാരത്തോടെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും മറ്റ് പ്ലാറ്റഫോമിലും ആപ്പ് ലഭ്യമാകും.
പഠിക്കാം & സമ്പാദിക്കാം
Home
