image

25 Oct 2025 4:06 PM IST

Kerala

'റൈറ്റ് റ്റു ഡിസ്കണക്റ്റ്' ബിൽ; സ്വകാര്യ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്ത് വരുമോ?

Rinku Francis

റൈറ്റ് റ്റു ഡിസ്കണക്റ്റ് ബിൽ; സ്വകാര്യ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്ത് വരുമോ?
X

Summary

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ 'വർക്ക്- ലൈഫ് ബാലൻസ്'. രാജ്യത്തെ ആദ്യ ബിൽ ഈ രംഗത്ത് എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും?


വർക്ക്- ലൈഫ് ബാലൻസ്.. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മിക്കവരും ആഗ്രഹിക്കുന്ന എന്നാൽ പലർക്കും സാധിക്കാത്ത സുന്ദരമായ ഒരു പ്രയോഗമാണിത്. ജോലിയും കുടുംബ ജീവിതവും ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാനാകുന്നുണ്ടോ? ഈ ചോദ്യത്തിന് പലർക്കും ഉത്തരമുണ്ടാകില്ല. കടുത്ത മാനസിക സമ്മർദ്ദവും ജോലി ഭാരവുമൊക്കെ മൂലം മിക്കവർക്കും തൊഴിൽ ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നത് സ്വപ്നം മാത്രമാണ്.

പ്രത്യേകിച്ച് ഡ്യൂട്ടി സമയം കഴിഞ്ഞും മണിക്കൂറുകൾ അധികം ജോലി ചെയ്യേണ്ടി വരുന്നവർക്ക്. ഇങ്ങനെ നൂറുകണക്കിനാളുകൾ സ്വകാര്യമേഖലയിൽ നിശബ്ദരായി ജോലിചെയ്യുന്നുണ്ട്. കടുത്ത സമ്മർദ്ദമല്ലാതെ അധിക വേതനമോ ആനുകൂല്യങ്ങളോ ഒന്നുമില്ലാത്ത ചിലർ.

വിരസതയോടെ ഒട്ടേറെ വനിതകൾ

പല വനിതകളുടെയും സ്ഥിതി ഇതാണ്. ഇന്ന് എല്ലാ മേഖലകളിലും തൊഴിലിടങ്ങളിൽ പുരുഷൻമാർക്കൊപ്പം അല്ലെങ്കിൽ അതിലേറെ മികവ് തെളിയിക്കുന്നവരാണ് വനിതകൾ. പലരും ഉയർന്ന സമ്മർദ്ദം അനുഭവിച്ച് തൊഴിലിടങ്ങളിലും വീട്ടിലുമൊക്കെയായി മണിക്കൂറുകൾ അധികം ചെലവഴിക്കുന്നുണ്ട്. കുട്ടികളോടും കുടുംബത്തോടുമൊപ്പം പോലും സമയം ചെലവഴിക്കാനാകാതെ നെടുവീർപ്പിടുന്ന എത്രയോ പേർ.

ഈ പ്രശ്നത്തിന് പരിഹാരമാകാൻ സഹായകരമായ ഒരു ബിൽ ഇപ്പോൾ ചർച്ചയാകുകയാണ്. ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ എൻ ജയരാജ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന 'റൈറ്റ് റ്റു ഡിസ്കണക്റ്റ് ബിൽ' വർക്ക് ലൈഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതും ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ്. തൊഴിലിടങ്ങളിൽ നിന്നുള്ള രാത്രി വൈകിയുള്ള ഫോൺ കോളുകൾക്കും ഇമെയിലുകൾക്കുമൊന്നും മറുപടി നൽകാൻ പറ്റിയില്ലെങ്കിലും ഇനി ടെൻഷൻ അടിക്കേണ്ടതില്ലെന്ന് ഓർമിപ്പിക്കുന്ന ബില്ലിലെ നിർദേശങ്ങൾ നിരവധി വനിതകൾക്കും ആശ്വാസകരമാണ്. ജോലി സമയം കഴിഞ്ഞാൽ ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടായിരിക്കും എന്നതാണ് ബില്ലിലെ ഒരു പ്രധാന നിർദേശം.

കരിയറിലെ വളർച്ചക്കായും മികവിനായും ഓരോ വ്യക്തികളും ചെയ്യേണ്ട അത്മാർപ്പണത്തെയോ സ്വയം ഓഫീസിൽ ചെലവഴിക്കുന്ന അധിക സമയത്തെയോ ഒന്നും ഇതുമായി കൂട്ടിക്കലർത്തേണ്ടതില്ല. ക്ലോക്കിലെ സൂചി കറങ്ങുന്നതിന് അനുസരിച്ച് മാത്രം തൊഴിൽ സമയം നിശ്ചയിക്കാനാകാത്ത ചില തൊഴിൽ മേഖലകളുണ്ട്. ഇത്തരം മേഖലകളിൽ പ്രഫഷണൽ മികവിന് കഠിനാധ്വാനം ആവശ്യമായി വരാം.

എന്നാൽ മനുഷ്യരെന്ന പരിഗണന പോലുമില്ലാതെ തൊഴിലാളികളോട് പ്രത്യേകിച്ച് വനിതകളോട് വിവേചനം കാണിച്ച് ചൂഷണം ചെയ്യുന്നവർ ഇന്ന് പല മേഖലകളിലുമുണ്ട്. ജോലി സമയം കഴിഞ്ഞും വനിതാ ജീവനക്കാർക്ക് നെടുനീളൻ സന്ദേശങ്ങളും ഫോൺകോളുകളുമൊക്കെയായി അലോസരപ്പെടുത്തുന്നവർ ഇല്ലാതില്ല.

ജോലി ചെയ്യാനുള്ള അവകാശം പോലെ തന്നെ തൊഴിൽ ചൂഷണത്തിന് ഇരയാകാതിരിക്കാനുള്ള അവകാശവും ജീവനക്കാർക്കുണ്ടെന്ന് ഓർമിപ്പിക്കാൻ പുതിയ ബില്ലും നിർദേശങ്ങളും സഹായകരമാകും. ഈ ബിൽ നിയമമായാൽ ഇത്തരം ഒരു ചുവടുവയ്പ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ആ കടമ്പ കടക്കുമോ എന്നതിന് ഉറപ്പില്ലെങ്കിലും ക്രിയാത്മകമായ ഒട്ടേറെ ചർച്ചകൾക്ക് വഴിവെക്കുന്ന, വഴിവെക്കേണ്ട നിർദേശങ്ങളാണിവ. പല വിദേശ രാജ്യങ്ങളിലും നടപ്പാക്കിയിട്ടുള്ള ആശയങ്ങൾ

കേവലം വർക്ക് ലൈഫ് ബാലൻസ് എന്നതിന് അപ്പുറം ഈ ബില്ലിന് മറ്റൊരു പ്രസക്തിയുണ്ട്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ ക്രൂരമായ ചൂഷണത്തിന് ഇരയാകുന്നവർക്ക് ഇത്തരമൊരു നിയമ നിർമാണം അത്യാവശ്യമായിരുന്നു. കൊച്ചിയിലെ ഒരു മാർക്കറ്റിങ് കമ്പനിയിൽ ടാർഗറ്റ് എത്താത്ത ജീവനക്കാരെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും നായകളെ പോലെ ബെൽറ്റ് ഇട്ട് മുട്ടിലിഴച്ച് കൊണ്ടുപോകുന്ന വീഡിയോയും എത്രയോ ദുഖത്തോടെയാണ് നമ്മൾ കണ്ടത്. ഇതിനു പിന്നിലെ സത്യാവസ്ഥ പൂർണമായി വെളിപ്പെട്ടിട്ടില്ലെങ്കിലും ക്രൂരമായ തൊഴിൽ ചൂഷണങ്ങൾക്കും ചൂഷകർക്കും തടയിടണമെങ്കിൽ ശക്തമായ നിയമ നിർമാണം വേണം.

വരുമോ പരാതി പരിഹാര സമിതി?

തർക്കങ്ങളോ പരാതികളോ ഉണ്ടെങ്കിൽ പരാതി പരിഹാരത്തിനായി ഓരോ ജില്ലയിലും പ്രത്യേക സമിതി രൂപീകരിക്കാനുള്ള നിർദേശം എത്രയോ ആശ്വാസകരമാണ് . ഒരു സ്ഥാപനത്തിലെ കൂട്ടപിരിച്ചുവിടലുകൾ പരിശോധിക്കാനും തരം താഴ്ത്തൽ നടപടികൾ പരിശോധിക്കാനുമൊക്കെ പ്രത്യേക സമിതിക്ക് അധികാരം നൽകണമെന്ന നിർദേശം പുതിയ കാലഘട്ടത്തിൻ്റെ ആവശ്യം കൂടെയാണ്. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ചെയർമാനായും, ജില്ലാ ലേബർ ഓഫീസർ സെക്രട്ടറിയായുമായുള്ള സമിതി ജില്ലകളിൽ രൂപീകരിക്കാനായാൽ ഈ രംഗത്ത് വലിയ മാറ്റങ്ങൾ വരും. ഓരോ ജില്ലകളിൽ ഇല്ലെങ്കിലും ജില്ലാ ലേബർ ഓഫീസർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകുന്ന ഒരു സമിതി സംസ്ഥാന തലത്തിലെങ്കിലും വന്നാൽ എത്രയോ നന്നായിരുന്നു.

അധിക ആനുകൂല്യങ്ങളും ജീവനക്കാരുടെ സമ്മതവും ഇല്ലാതെ ജോലിസമയം കഴിഞ്ഞും പിഴിയുന്നത് കുറ്റകരമാകണം. വിവേചനം കാണിച്ച് അർഹമായ ആനുകൂല്യങ്ങളും ജോലിചെയ്യാനുള്ള അവകാശവും നിഷേധിക്കുന്നത് യഥാർഥത്തിൽ ക്രമിനൽ കുറ്റമായി മാറേണ്ടതാണ്. എന്തായാലും കേരളത്തിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമായ ഇത്തരമൊരു ബിൽ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലും നിർണായകമാകും.