image

25 Sept 2026 6:13 PM IST

Kerala

ആഗോള ട്രാന്‍സ്ഷിപ്പ്‌മെന്റ്; ഇന്ത്യന്‍ തുറമുഖങ്ങളുടെ നിലവാരം ഉയര്‍ത്തി വിഴിഞ്ഞം

Thulasi Prasad

ആഗോള ട്രാന്‍സ്ഷിപ്പ്‌മെന്റ്; ഇന്ത്യന്‍ തുറമുഖങ്ങളുടെ നിലവാരം ഉയര്‍ത്തി വിഴിഞ്ഞം
X

Summary

2026 സാമ്പത്തിക വര്‍ഷത്തില്‍ 1.3 മില്യണ്‍ TEU കൈകാര്യം ചെയ്തതായി അദാനി പോര്‍ട്‌സ്


ഇന്ത്യന്‍ തുറമുഖ മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ ഉയര്‍ത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എം.എസ്.സി ലോറെറ്റോയില്‍ നിന്ന് 17,262 ടി.ഇ.യു കണ്ടെയ്നര്‍ കൈമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയതായി അദാനി പോര്‍ട്‌സ് അറിയിച്ചു.

സിംഗപ്പൂരില്‍ നിന്ന് എത്തിയ എം.എസ്.സി ലോറെറ്റോ, എം.എസ്.സി ഐറിന സീരീസില്‍പ്പെട്ട ആറ് അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസലുകളില്‍ ഒന്നാണ്. ഒരൊറ്റ കപ്പല്‍ സന്ദര്‍ശനത്തില്‍ ഇത്രയും വലിയ തോതിലുള്ള കണ്ടെയ്നര്‍ കൈകാര്യം ചെയ്തത് ഇന്ത്യന്‍ തുറമുഖ മേഖലയില്‍ തന്നെ ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ആധുനിക ഓട്ടോമേഷന്‍ സാങ്കേതികവിദ്യയും കൃത്യതയാര്‍ന്ന കണ്ടെയ്നര്‍ കൈകാര്യം ചെയ്യല്‍ സംവിധാനങ്ങളുമാണ് വിഴിഞ്ഞത്തിന്റെ പ്രവര്‍ത്തനശേഷിയുടെ പ്രധാന സവിശേഷതകള്‍. വേഗതയേറിയതും ഏകോപിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖം ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു.

2023 ഒക്ടോബര്‍ 12നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പല്‍ എത്തുന്നത്. കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള ക്രെയിനുകളുമായി ചൈനയില്‍ നിന്നെത്തിയ ഷെന്‍ഹുവ എന്ന കപ്പലായിരുന്നു അത്. നിലവില്‍ 1.6 മില്യണ്‍ ടി.ഇ.യു വാര്‍ഷിക ശേഷിയുള്ള തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2028 ഡിസംബറോടെ ശേഷി 5.7 മില്യണ്‍ ടി.ഇ.യുവായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, ഫാര്‍ ഈസ്റ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഈസ്റ്റ്-വെസ്റ്റ് ഷിപ്പിംഗ് റൂട്ടില്‍ നിന്ന് ഏകദേശം 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞത്തിന്റെ സ്ഥാനം. ഈ ഭൂമിശാസ്ത്രപരമായ നേട്ടം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബായി വളരാനുള്ള തുറമുഖത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

18 മുതല്‍ 20 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞത്തില്‍ 2.9 കിലോമീറ്റര്‍ നീളമുള്ള ബ്രേക്ക്വാട്ടറും 800 മീറ്റര്‍ ബെര്‍ത്തും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. എട്ട് ക്വേ ക്രെയിനുകളും 24 പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളുമാണ് കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്.

പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ തന്നെ വിഴിഞ്ഞം വേഗത്തില്‍ വലിയ കപ്പലുകളെ ആകര്‍ഷിക്കുന്ന തുറമുഖമായി മാറിയിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 1.3 മില്യണ്‍ TEU കൈകാര്യം ചെയ്തതായി അദാനി പോര്‍ട്‌സ് വ്യക്തമാക്കുന്നു. പ്രവര്‍ത്തനം തുടങ്ങി 18 മാസത്തിനുള്ളില്‍ രണ്ട് മില്യണ്‍ TEU മറികടന്നതായും കമ്പനി അറിയിച്ചു.

70-ലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസലുകളെയും വിഴിഞ്ഞം ഇതിനകം കൈകാര്യം ചെയ്തിട്ടുണ്ട്. 300 മീറ്ററിലധികം നീളമുള്ള 283 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും തുറമുഖത്തെത്തിയിട്ടുണ്ട്.

ഓട്ടോമേഷന്‍, ആഴമേറിയ ഡ്രാഫ്റ്റ്, വന്‍കിട കപ്പലുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി, അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിനോടുള്ള അടുത്ത സ്ഥാനം എന്നിവ ഒരുമിച്ചു ചേരുമ്പോള്‍, ഇന്ത്യയുടെ ട്രാന്‍സ്ഷിപ്‌മെന്റ് മേഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം കൂടുതല്‍ ശക്തിപ്പെടുകയാണ്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ സമുദ്രവ്യാപാര ഭൂപടത്തിലും വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതല്‍ നിര്‍ണായകമാകുന്നുവെന്നാണ് പുതിയ നേട്ടം സൂചിപ്പിക്കുന്നത്.