image

2 Feb 2024 4:51 PM IST

Kerala

പാലിയേറ്റീവ് പരിചരണം; കേരളം മാതൃകയെന്ന് ലോകാരോഗ്യ സംഘടന

MyFin Desk

World Health Organization calls Kerala a model for palliative care
X

Summary

  • സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന മാതൃകയ്ക്കാണ് അംഗീകാരം
  • എല്ലാ രോഗികൾക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം
  • സർക്കാർ മേഖലയിൽ 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളാണുള്ളത്


പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോർട്ട്.

സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ രംഗത്തെ അഭിനന്ദിച്ചത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് സാന്ത്വന പരിചരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വലിയ പ്രവർത്തനങ്ങളാണ് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആർദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി. സർക്കാർ മേഖലയിൽ 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളാണുള്ളത്.

ആരോഗ്യവകുപ്പിന് കീഴിൽ പ്രധാന ആശുപത്രികളിൽ 113 സെക്കന്ററി ലെവൽ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കൽ കോളേജുകളിലും ആർ.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയർ യൂണിറ്റുകളുണ്ട്. കേരളത്തിൽ ആവശ്യമുള്ള എല്ലാ രോഗികൾക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അടുത്തിടെ പാലിയേറ്റീവ് കെയർ വാരാചരണത്തോടനുബന്ധിച്ച് ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.