10 Dec 2025 11:12 AM IST
Microsoft AI Investment : ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്ന്; എഐയിൽ തിളങ്ങാൻ ഇന്ത്യ
MyFin Desk
Summary
വൻകിട കമ്പനികൾ മത്സരിക്കുന്ന ഇന്ത്യയുടെ എഐ രംഗത്ത് വമ്പൻ നിക്ഷേപവുമായി മൈക്രോസോഫ്റ്റും.
ഇന്ത്യയുടെ എഐ രംഗം വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. വൻ നിക്ഷേപത്തിന് ഒരുങ്ങി മൈക്രോസോഫ്റ്റ്. 1750 കോടി ഡോളർ കമ്പനി നിക്ഷേപിക്കും. ഏഷ്യയിലെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നും.
സത്യ നാദെല്ല പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നിക്ഷേപം എത്തുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ എഐ കേന്ദ്രങ്ങളിൽ ഒന്നായി ഇന്ത്യ മാറും. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടും. രാജ്യത്തിന്റെ എഐ അധിഷ്ഠിത ഭാവി ശോഭനമാകാനും നിക്ഷേപം സഹായകരമാകും.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ വിപണിയാണ് ഇന്ത്യയിലേത്. ഈ രംഗത്ത് നിക്ഷേപം നടത്താൻ വൻകിട കമ്പനികൾ മത്സരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാനായാൽ വമ്പൻ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രാജ്യത്തിന് ആകും.
മത്സരം കനക്കും
വിശാഖ് എഐ ഹബ്ബിനായി ഗൂഗിളും അദാനി ഗ്രൂപ്പും എയർടെല്ലും കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 ബില്യൺ ഡോളറിനേക്കാൾ വലുതാണ് മൈക്രോസോഫ്റ്റിൻ്റെ നിക്ഷേപം. എഐ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇന്ത്യയുടെ ഭാവിക്ക് അടിസ്ഥാന സൗകര്യങ്ങളും മികവും അത്യാവശ്യമാണ്. ഏഷ്യയിലെ തന്നെ കമ്പനിയുടെ എക്കാലത്തെയും വലിയ നിക്ഷേപമാണിത്. എഐ വ്യാപനത്തിനായി അടുത്ത നാല് വർഷത്തിനുള്ളിൽ (2026-2029) ഇന്ത്യയിൽ 1750 കോടി യുഎസ് ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. 2025 ജനുവരിയിൽ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച നിക്ഷേപത്തിന് പുറമെയാണ് അധിക നിക്ഷേപം. 300 കോടി യുഎസ് ഡോളറാണ് നിക്ഷേപിക്കുക.
അദാനിയെ കൂടാതെ മുകേഷ് അംബാനിയും വമ്പൻ പദ്ധതികളുമായി ഈ രംഗത്ത് കണ്ണെറിഞ്ഞിട്ടുണ്ട്. മെറ്റയുമായി ചേർന്നുള്ള റിലയൻസിൻ്റെ സംയുക്ത സംരംഭമാണ് ശ്രദ്ധേയം. 30 ശതമാനം ഓഹരി മെറ്റക്കും 70 ശതമാനം ഓഹരി റിലയൻസ് ഇൻഡസ്ട്രീസിനും നൽകുന്ന റിലയൻസ് എന്റർപ്രൈസ് ഇന്റലിജൻസ് ലിമിറ്റഡ് ഈ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരും.
പഠിക്കാം & സമ്പാദിക്കാം
Home
