22 Sept 2025 9:00 AM IST
Summary
അവശ്യവസ്തുക്കള്‍ക്ക് വില കുറയും
ചരക്ക് സേവന നികുതി പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നു. 5, 18, 40 ശതമാനം ജിഎസ്ടി നിരക്കുകള്‍ മാത്രമാണ് പ്രാബല്യത്തിലുണ്ടാകുക. ജിഎസ്ടി പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുമെന്നും ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 413 ഉല്‍പ്പന്നങ്ങളുടെ വില കുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ 'ബംപര്‍' വിലക്കുറവാണ് ഉണ്ടാകുക. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വന്‍വിലക്കുറവ് പ്രഖ്യാപിച്ചു. ആഡംബര ഉല്‍പന്ന/സേവനങ്ങള്‍ക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉല്‍പന്നങ്ങള്‍ക്കും ലോട്ടറിക്കും 40% എന്ന പ്രത്യേക സ്ലാബുമുണ്ട്.
അതേസമയം, സംസ്ഥാനത്ത് ലോട്ടറിയുടെ ജിഎസ്ടി കൂട്ടിയെങ്കിലും ടിക്കറ്റിന്റെ വില കൂടില്ല. നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സമ്മാനത്തുകയുടെ എണ്ണത്തിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് തീരുമാനം. കമ്മീഷനിലായിരിക്കും വലിയ കുറവുണ്ടാകുക. ലോട്ടറി ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് കൂടിയത്.
പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റര്‍ മില്‍മ വാനില ഐസ്‌ക്രീമിന്റെ വില 220 രൂപയില്‍ നിന്ന് 196 രൂപയായും കുറഞ്ഞിട്ടുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ്,ആരോഗ്യ ഇന്‍ഷുറന്‍സ്,ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍,33 ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കുറവ് സംബന്ധിച്ച് കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കമ്പനികള്‍ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
