12 Dec 2025 11:48 AM IST
Summary
രൂപയുടെ മൂല്യം ഇടിവ് ഇറക്കുമതി വ്യവസായത്തെ ബാധിക്കുമ്പോൾ ഐടി ഉൾപ്പെടെയുള്ള മേഖലകൾക്ക് നേട്ടം. നേട്ടമുണ്ടാക്കുന്ന മേഖലകൾ ഏതൊക്കെ?
രൂപയുടെ മൂല്യം ഇടിവ് തുടരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരാനും പണപ്പെരുപ്പം കൂടാനുമൊക്കെ കാരണമാകുമെങ്കിലും ചില മേഖലകൾക്ക് നേട്ടവുമുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഏറ്റവുമധികം ഗുണകരമായി ബാധിക്കുക ഡോളറിൽ വരുമാനം നേടുന്ന കമ്പനികളെ തന്നെയാണ്.
ഐടി, ഐടി അനുബന്ധ മേഖലകളിലെ ബിസിനസുകൾക്ക് ഇത് നേട്ടമാകും. വൻകിട ഐടി കമ്പനികൾ യുഎസിലെയും മറ്റ് രാജ്യങ്ങളിലെയും ക്ലയന്റുകളിൽ നിന്ന് ഡോളറിൽ വരുമാനം നേടുന്നതിനാലാണിത്. ഡോളറിലെ വരുമാനം ഉയരാനും ലാഭം വർധിക്കാനും രൂപയുടെ മൂല്യശോഷണം കമ്പനികളെ സഹായകരമാകും.
ഫാർമസ്യൂട്ടിക്കൽസ് മേഖലയാണ് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മറ്റൊരു രംഗം. കയറ്റുമതി കൂടുതലുള്ള ഫാർമ കമ്പനികൾക്കും ഇത് നേട്ടമാണ്. യുഎസ് പോലുള്ള വിദേശ വിപണികളിൽ മത്സരക്ഷമത ഉയരുന്നത് ലാഭവും വർധിപ്പിക്കും. ഐടി, ഫാർമ ഓഹരികളിൽ ഇത് പ്രകടമാണ്.
കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങൾക്കെല്ലാം താൽക്കാലിക ഗുണമുണ്ടാകും. തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, സ്പെഷ്യാലിറ്റി കെമിക്കൽസ്, രത്നങ്ങൾ, ആഭരണങ്ങൾ, ഓട്ടോ ഘടകങ്ങൾ എന്നിവ ആകർഷകമാകും.
പ്രവാസികളുടെ പണമൊഴുക്ക്
നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ പണത്തിൻ്റെ മൂല്യം ഉയരുന്നതാണ് ഏറ്റവും പ്രകടമായ മറ്റൊരു മാറ്റം. വിദേശ കറൻസി രൂപയിലേക്ക് വിനിമയം ചെയ്യുന്നത് പ്രവാസികൾക്ക് ഉ കൂടുതൽ ലാഭകരമാകും. അതേസമയം രൂപയുടെ മൂല്യം ഇടിവ് ദീർഘകാലത്തിൽ തുടർന്നാൽ ഇറക്കുമതി ചെലവുകൾ കുതിച്ചുയരും. ആവശ്യമായ ഭക്ഷ്യ എണ്ണയുടെയും ക്രൂഡ് ഓയിലിൻ്റെയും 90 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ കൂടുതൽ പണപ്പെരുപ്പം നേരിടേണ്ടി വരുന്നത് രാജ്യത്തിന് തിരിച്ചടിയാകും.
പഠിക്കാം & സമ്പാദിക്കാം
Home
