image

20 Oct 2025 1:15 PM IST

Business

ജപ്പാനിലും ഇനി യുപിഐ ഇടപാടുകൾ

MyFin Desk

make upi payment by saying | ,upi payment news | upi payment technology  | banking news today
X

Summary

യുപിഐ സംവിധാനം ഉപയോഗിച്ച് ഇനി ജപ്പാനിലും പണം ഇടപാടുകൾ നടത്താം


ജപ്പാനിലെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും ഇനി യുപിഐ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താം. വേഗത്തിൽ യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിനുള്ള അവസരം ഒരുക്കുകയാണ് എൻപിസിഐ. ജപ്പാൻ ആസ്ഥാനമായുള്ള ടെക്നോളജി സേവന കമ്പനിയുമായി ആണ് ഇതിനായി കരാർ ഒപ്പിട്ടിരിക്കുന്നത്.

എൻടിടി ഡാറ്റ എന്ന കമ്പനിയാണ് ജപ്പാനിൽ എൻപിസിഐയുമായി ചേർന്ന് സേവനങ്ങൾ നൽകുന്നത്. രാജ്യവ്യാപകമായി ഇടപാടുകൾ സുഗമമാക്കുക എന്നതാണ് ലക്ഷ്യം. ജപ്പാനിലെ വ്യാപാരികൾക്ക് വിനോദസഞ്ചാരികളിൽ നിന്ന് യുപിഐ പേയ്‌മെന്റുകളിലൂടെ പണം എളുപ്പത്തിൽ തന്നെ സ്വീകരിക്കാൻ കഴിയും. ജപ്പാൻ സന്ദർശിക്കുന്ന യാത്രക്കാരുടെ മൊബൈലിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പേയ്‌മെന്റുകൾ നടത്താം. ഇത് സഞ്ചാരികൾക്കും പണം ഇടപാടുകൾ കൂടുതൽ എളുപ്പമാക്കും.

പണം, ക്രെഡിറ്റ് കാർഡുകൾ, ഫോറെക്സ് കാർഡുകൾ എന്നിവ കയ്യിൽ കരുതേണ്ടതില്ല.ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ഫോറക്സ് കാർഡില്ലാതെ തന്നെ ഷോപ്പിംഗും പേയ്‌മെന്റുകളും കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്യും. 2016 ലാണ് ഇന്ത്യ യുപിഐ സംവിധാനം ആരംഭിച്ചത്. ഇതിനുശേഷം രാജ്യത്തെ പൗരൻമാ‍രുടെ പണം ഇടപാടുകളിൽ വലിയ മാറ്റം വന്നു. ഡിജിറ്റൽ പണം ഇടപാടുകൾ കൂടുതൽ വ്യാപകമായി. പൊതുജനങ്ങൾ ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്ന രീതി തന്നെ മാറി മറിഞ്ഞു. 2025 സെപ്റ്റംബറിലെ എൻ‌പി‌സി‌ഐ ഡാറ്റ അനുസരിച്ച്, ഇന്ത്യയിൽ 24.9 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. 1963 കോടി യുപിഐ ഇടപാടുകളാണ് നടന്നത്.

റുപ്പേ കാ‍ർഡിലും ഓഫർ

റുപേ കാ‍ർഡ് ഉടമകൾക്കും ജപ്പാനിൽ ഉൾപ്പെടെ ഇപ്പോൾ ഇളവുകൾ ലഭിക്കും. റുപേ ജപ്പാനിലെ ജെസിബി ഇന്റർനാഷണലുമായി പുതിയതായി പങ്കാളിത്തത്തിൽ ഏ‍ർപ്പെട്ടിട്ടുണ്ട്. ജപ്പാനിൽ മാത്രമല്ല ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുർ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ സ്റ്റോറുകളിലും എല്ലാ പി‌ഒ‌എസ് ഇടപാടുകൾക്കും റുപേ ജെസിബി കാർഡ് ഉടമകൾക്ക് 25 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 2025 ഡിസംബർ 31 വരെയാണ് ഓഫ‍ർ.