image

23 Feb 2026 1:43 PM IST

Business

വിഴിഞ്ഞം തുറമുഖ വികസനം; 2000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍, ധാരണാപത്രത്തിൽ ഒപ്പിട്ടു

Thulasi C M

വിഴിഞ്ഞം തുറമുഖ വികസനം; 2000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍, ധാരണാപത്രത്തിൽ ഒപ്പിട്ടു
X

Summary

വിഴിഞ്ഞത്തെ പൂര്‍ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുക ലക്ഷ്യം


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്‍കിട ലോജിസ്റ്റിക്‌സ് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനും കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും 2000 കോടി രൂപ നിക്ഷേപിക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. പദ്ധതികള്‍ക്ക് വിസില്‍ സ്ഥലം അനുവദിക്കും.

വിഴിഞ്ഞത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്നതിനുള്ള ബങ്കറിങ് പദ്ധതിക്കായി ഐ.ഒ.സി.എല്‍. 700 കോടിയാണ് നിക്ഷേപിക്കുന്നത്. കണ്ടെയ്നര്‍ ഡിപ്പോകള്‍ നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള കോണ്‍കോര്‍ 600 കോടിയും മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകളുടേയും കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകളുടേയും നിര്‍മാണത്തിന് സി.ഡബ്ല്യൂ.സി 700 കോടിയും നിക്ഷേപിക്കും.

വിഴിഞ്ഞത്തെ പൂര്‍ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ തുറമുഖ മന്ത്രി വി.എന്‍ വാസവന്‍, പോര്‍ട്‌സ് സെക്രട്ടറി ഡോ. എ കൗസിഗന്‍, വിസില്‍ എം.ഡി ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവരും സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.