22 Nov 2022 10:21 AM GMT
fifa world cup tournament
ലോകകപ്പില്‍ നിന്ന് ബിസിനസുകാര്‍ പഠിക്കേണ്ട 5 പാഠങ്ങള്ഫിഫ ലോകകപ്പിന്റെ ആരവത്തിലാണ് എല്ലാവരും. എന്തിനാണിത്ര പണമൊഴുക്കുന്നതെന്ന ചോദ്യത്തിനപ്പുറം ഓരോ ബിസിനസുകാരനും സംരംഭകരനും ഫിഫ ലോകകപ്പില്‍ നിന്ന് പലതും പഠിക്കാനുണ്ട്. കേവലമൊരു ഗെയിമിനും ആനന്ദത്തിനുമപ്പുറം വലിയൊരു ബിസിനസ് കൂടിയാണ് ഫിഫ ലോകകപ്പ്. ലോകം കൊണ്ടാടുന്ന ഒരു ബിസിനസില്‍ നിന്ന് തീര്‍ച്ചയായും ഓരോ ബിസിനസുകാരനും നിരവധി പാഠങ്ങളുണ്ടാവും.1. വിജയിക്കാന്‍ ടാലന്റ് മാത്രം പോരകുഞ്ഞുനാളിലേ കേള്‍ക്കുന്നൊരു കഥയാണ് ആമയുടെയും മുയലിന്റെയും ഓട്ടമത്സരം. ആമയേക്കാള്‍ എത്രയോ വേഗത്തില്‍ ഓടാന്‍ കഴിവുള്ള മുയല്‍ ഇടയ്ക്ക് ഉറങ്ങുന്നതോടെ ആമ മുയലിനെ മറികടക്കുകയും വിജയിക്കുകയും ചെയ്യുന്നതാണ് കഥ. അതായത്, കഴിവ് മാത്രം പോര വിജയിക്കാനെന്ന് ചുരുക്കം. കഴിവിനൊപ്പം അതിനെ ഉപയോഗപ്പെടുത്തുന്ന കഠിനാധ്വാനവും നൈപുണ്യവും കൂടി വേണം.ഒരുപാട് കഴിവുള്ളൊരാളെ കൂടെക്കൂട്ടുമ്പോള്‍ ഓരോ സംരംഭകനും ഓര്‍ക്കേണ്ട കാര്യമാണിത്. 1966ല്‍ ബ്രസീലിനും 2014ല്‍ സ്‌പെയിനിനും സംഭവിച്ചതും ആമയുടെ അവസ്ഥ തന്നെയായിരുന്നു. തങ്ങളുടെ മുമ്പില്‍ കേമന്മാരല്ലാത്ത എതിരാളികള്‍ക്ക് മുമ്പില്‍ അവര്‍ക്ക് പതറേണ്ടി വന്നു.2. പിന്തുണയ്ക്കുന്നൊരു സമൂഹം പ്രധാനംഖത്തര് ലോകകപ്പിലെ ആദ്യമത്സരത്തില്‍ ആതിഥേയരായ ഖത്തറിന് സ്വാഭാവികമായും സ്റ്റേഡിയത്തില്‍ നിന്ന് വലിയ പിന്തുണയുണ്ടാകും. എന്നാല്‍ 2-0ന് ഖത്തറിനെ പരാജയപ്പെടുത്തിയ മത്സരത്തിനു ശേഷം ഇക്വഡോര്‍ ക്യാപ്റ്റന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ''വാം അപ്പ് ചെയ്യാനായി ഞാന്‍ എത്തിയപ്പോള്‍ കണ്ടത് നിരവധി ഇക്വഡോറിയന്‍സ് തങ്ങളുടെ പിന്തുണയ്ക്കാനായി എത്തിയതാണ്. ഇത് വലിയ ആത്മവിശ്വാസം നല്‍കുകയും കളി വിജയിക്കാന്‍ പ്രചോദനമാവുകയും ചെയ്തു''. തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനായി 13,000 മൈലുകള്‍ താണ്ടിയെത്തിയ നാട്ടുകാരെ ഇങ്ങനെയെല്ലാതെ പിന്നെങ്ങനെ കാണാനാണ്.ഇങ്ങനെയൊരു ബന്ധം ഒറ്റദിനം കൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമാണ്. കാലങ്ങളായി കഴിവ് തെളിയിച്ചും പിന്തുണയ്ക്കുന്നവരെ കൂടെപ്പിടിച്ചും നേടിയെടുത്ത വിശ്വാസബന്ധമാണ്. അതുതന്നെയാണ് ബിസിനസിലും ആവശ്യം. വലിയൊരു സമൂഹത്തിന്റെ പിന്തുണയുണ്ടെങ്കിലും ഏതു പ്രതിസന്ധിയെയും അതിജീവിക്കാനൊക്കും. ഒരു പിന്തുണയുമില്ലെങ്കില്‍ നിലംപരിശാവാന്‍ അധികം സമയവും വേണ്ട. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള ശക്തമായ പിന്തുണയും വിശ്വാസവും ആര്‍ജിക്കാന്‍ അവര്‍ക്ക് എക്കാലത്തും നല്ലത് കൊടുക്കുന്നവരായിരിക്കണം.3. തോല്‍വി എല്ലാത്തിന്റെയും അവസാനമല്ല2016 ല്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കൊടുവില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി രാജിവച്ചൊഴിഞ്ഞു. സത്യത്തില്‍ അതൊരു പിന്മാറ്റമായിരുന്നു. ഇനി തനിക്കൊന്നും സാധിക്കില്ലെന്ന ശക്തമായ തോന്നല്‍ അദ്ദേഹത്തില്‍ ഉണര്‍ന്നിരിക്കണം. പക്ഷേ, അദ്ദേഹത്തിനായുള്ള മുറവിളി ഉയര്‍ന്നുകൊണ്ടേയിരുന്നു. ശക്തമായ ആവശ്യം വന്നതോടെ ഫുട്‌ബോളിലേക്ക് സജീവമായി അദ്ദേഹം തിരിച്ചെത്തി. ഒപ്പം വിജയങ്ങളുടെ കഥകളും അദ്ദേഹം തുന്നിച്ചേര്‍ത്തു. ബിസിനസിലും സമാനമായ സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. നിങ്ങള്‍ തോറ്റുവെന്ന് തോന്നിയാലും,ഉപഭോക്താക്കളുടെ മുന്നില്‍ വിജയിച്ചവര്‍ തന്നെയായി നിലനില്‍ക്കും. പിന്നെ അതിന്റെ ഉയര്‍ച്ചയ്ക്കായി ഉപഭോക്താക്കളും പിന്തുണയും സഹായവുമായെത്തും.ടീം വര്‍ക്കിലാണ് കാര്യംഇതിഹാസ താരങ്ങള്‍ മുമ്പിലുണ്ടെങ്കിലും ഫുട്‌ബോളില്‍ ടീമിന് വിജയിക്കാനായിക്കൊള്ളമെന്നില്ല. ടീം വിജയിക്കണമെങ്കില്‍ എല്ലാ താരങ്ങളും മികച്ച കളി പുറത്തെടുത്തേ മതിയാവൂ. ഇതിഹാസ താരങ്ങളെ പിന്തുണയ്ക്കാനും അവരെ സഹായിക്കാനുമായി ചുറ്റും ടീമിനെ വളര്‍ത്തിയെടുക്കുന്ന തന്ത്രമാണ് പല അര്‍ജന്റീന, പോര്‍ച്ചുഗല്‍, ബ്രസീല്‍ പോലുള്ള ടീമുകള്‍ ചെയ്യുന്നത്. അത് പരാജയപ്പെടുമ്പോള്‍ ഈ ടീമുകളും പരാജയപ്പെടുന്നു. ഇതുപോലെയാണ് ബിസിനസിലും ചെയ്യേണ്ടത്.നല്ല കഴിവുള്ളവരെ കണ്ടെത്തി അവരിലൂടെ എങ്ങനെ നേട്ടം കൊയ്യാമെന്ന് കണക്കാക്കി, അവര്‍ക്ക് വേണ്ട ടീമിനെ സെറ്റാക്കിയാല്‍ വിജയിക്കാനാവും. ടീമിനെ വിന്യസിക്കുമ്പോഴും അവരവരുടെ കഴിവിനെ ഉള്‍ക്കൊണ്ടും അതാത് മേഖലയിലുള്ള ജോലികള്‍ ഏല്‍പ്പിക്കണം. നൈപുണ്യം കണ്ടെത്താതെ, ഇവിടെയുള്ള ജോലി ഇതാണെന്ന് പറഞ്ഞ് ഏല്‍പ്പിച്ചാല്‍, മെസിയെപ്പോലുള്ള ഒരാളെ ഗോള്‍ കീപ്പ് ചെയ്യാന്‍ ഏല്‍പ്പിച്ച പോലെയുണ്ടാവും. ടീം വര്‍ക്കില്‍ ഒന്നിച്ചു മുന്നേറുകയെന്നതിനപ്പുറം, വിന്യാസത്തിനാണ് പ്രാധാന്യമെന്ന് ചുരുക്കം.5. മാര്‍ക്കറ്റിംഗ് പ്രധാനമാണ്, പക്ഷേ, പ്രവര്‍ത്തനമാണ് സുപ്രധാനംഫിഫ ലോകകപ്പ് നടക്കുന്നത് ലോകത്തെല്ലാ മുക്കിലും മൂലയിലും അറിയുന്നത് അതിന്റെ മാര്‍ക്കറ്റിംഗ് രീതി കൊണ്ടാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായൊരു കാര്യമുണ്ട്. കഴിഞ്ഞ സീസണുകളില്‍ കളിയില്‍ നിലനിര്‍ത്തിപ്പോരുന്ന മികവ് കൂടി പുതിയ സീസണുകളിലേക്ക് ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കുന്നു. മാര്‍ക്കറ്റിംഗ് എത്ര ആരവത്തോടെ ചെയ്താലും, മികച്ച അനുഭവം കാണികള്‍ക്ക് നല്‍കാനായില്ലെങ്കില്‍ അവിടെ കളി നടത്തിപ്പ് പരാജയപ്പെടും. ബിസിനസിലും ഇതാണ് സ്ഥിതി.വമ്പന്‍ താരങ്ങളെ വെച്ച് മാര്‍ക്കറ്റിംഗും ബ്രാന്‍ഡിംഗും ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. മാര്‍ക്കറ്റിംഗിന് അനുസൃതമായ മികച്ച പ്രവര്‍ത്തനം കൂടി കാഴ്ചവെക്കേണ്ടതുണ്ട്.