image

20 Feb 2026 11:02 AM IST

World

കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി കാനഡ; 2025 ല്‍ പുറത്താക്കിയത് 2,500 ഇന്ത്യക്കാരെ

MyFin Desk

canada takes strict action against immigrants
X

Summary

കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്


രാജ്യത്ത് അനധികൃതമായി തുടരുന്ന കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി കാനഡ. 2025 ന്റെ ആദ്യ പത്ത് മാസങ്ങളില്‍ 18,500 പേരെയാണ് കാനഡ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 2500 ലധികം പേര്‍ ഇന്ത്യക്കാരാണ്. കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കണക്കുകള്‍ പ്രകാരം 2025 ഒക്ടോബര്‍ വരെ 18,785 പേരെയാണ് കാനഡ പുറത്താക്കിയത്.29, 542 പേരുടെ പുറത്താക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 3972 മെക്‌സിക്കന്‍ പൗരന്മാരെയാണ് ഈ കാലയളവില്‍ പുറത്താക്കിയത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതും അഭയാര്‍ത്ഥി അപേക്ഷകളിലെ നിയമലംഘനങ്ങളുമാണ് പുറത്താക്കലിനുള്ള കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി മാനദണ്ഡങ്ങള്‍ പാലിക്കാതെ രാജ്യത്ത് കഴിഞ്ഞവരാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. പുറത്താക്കിയവരില്‍ ഒന്നാം സ്ഥാനത്തുള്ളത് മെക്‌സിക്കോയാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ നടപടികള്‍ തുടരുന്ന 29,542 പേരില്‍ 6,515 എണ്ണം ഇന്ത്യാക്കാരുടേതാണ്.

ആളുകളെ പുറത്താക്കുന്നതിനായി മൂന്ന് തരത്തിലുള്ള ഉത്തരവുകളാണ് കാനഡ പുറത്തിറക്കിയത്. 30 ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുന്ന ഡിപ്പാര്‍ച്ചര്‍ ഓര്‍ഡര്‍, ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാനഡയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള എക്‌സ്‌ക്ലൂഷന്‍ ഓര്‍ഡര്‍, കാനഡയിലേക്ക് മടങ്ങുന്നതിന് സ്ഥിരമായ വിലക്ക് ഏര്‍പ്പെടുത്തുന്ന ഡീപോര്‍ട്ടേഷന്‍ ഓര്‍ഡര്‍ എന്നിവയാണ് പുറത്താക്കപ്പെടുന്ന ആളുകള്‍ക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പുറത്താക്കല്‍ നിരക്കാണിതെന്നാണ് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി വിശദമാക്കുന്നത്. 2021ല്‍ 7,513 പേരെ പുറത്താക്കിയ സ്ഥാനത്ത് 2025ന്റെ ആദ്യ പത്ത് മാസത്തിനുള്ളില്‍ തന്നെ അത് 18,000 കടന്നു.