12 March 2026 3:17 PM IST
Summary
അമേരിക്കന്‍ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഈ നീക്കം
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര അന്വേഷണത്തിന് ഉത്തരവിട്ടു. അധിക തീരുവ ചുമത്തുകയാണ് ലക്ഷ്യം. 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള 'സെക്ഷന്‍ 301' നിയമം ഉപയോഗിച്ചാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ അന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോക വ്യാപാര സംഘടനയുടെ അംഗീകാരമില്ലാതെ പോലും വ്യാപാര നടപടികള്‍ ചുമത്താന്‍ ഈ നിയമം യുഎസിനെ അനുവദിക്കുന്നു. ആഗോള ആവശ്യകതയേക്കാള്‍ കൂടുതല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളെക്കുറിച്ച് യുഎസ് അന്വേഷിക്കുമെന്ന് ഗ്രീര്‍ പറഞ്ഞു. പല രാജ്യങ്ങളും തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിച്ച്, അവ കുറഞ്ഞ വിലയ്ക്ക് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത് അമേരിക്കന്‍ വ്യവസായ മേഖലയെ തകര്‍ക്കുന്നുവെന്നാണ് ആരോപണം. വലിയ തോതിലുള്ള വ്യാപാര മിച്ചം, കുറഞ്ഞ വേതനം, സര്‍ക്കാര്‍ സബ്‌സിഡികള്‍ തുടങ്ങിയവ വഴി വിദേശ രാജ്യങ്ങള്‍ നടത്തുന്ന ഇത്തരം വ്യാപാര രീതികള്‍ അന്യായമാണോ എന്ന് അമേരിക്ക അന്വേഷിക്കും.
ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, വിയറ്റ്നാം, തായ്വാന്‍ തുടങ്ങി 16 രാജ്യങ്ങളാണ് നിലവില്‍ ഈ അന്വേഷണ പരിധിയില്‍ വരുന്നത്. കാനഡയെ ഈ അന്വേഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളെക്കുറിച്ചും അമേരിക്ക മറ്റൊരു അന്വേഷണം ആരംഭിക്കും. ഏകദേശം 60 രാജ്യങ്ങളെ ബാധിക്കുന്നതാണ് ഈ അന്വേഷണം. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
