25 Nov 2025 2:46 PM IST
Summary
30 വർഷത്തിന് ശേഷം ലക്ഷ്മി മിത്തൽ യുകെ വിടുന്നത് എന്തുകൊണ്ടാണ്?
ഏകദേശം 30 വർഷത്തിനുശേഷം ലണ്ടൻ വിടാൻ ഒരുങ്ങുകയാണ് സ്റ്റീൽ വ്യവസായ രംഗത്തെ അതികായനായ ലക്ഷ്മി മിത്തൽ. യുകെയിൽ മൂലധന നേട്ട നികുതി ഉയരുന്നതും സംരംഭകർക്കുണ്ടായിരുന്ന ആനുകൂല്യങ്ങൾ കുറയുന്നതിനും പുറമെ പുതിയ നികുതി പരിഷ്കാരങ്ങളാണ് ലക്ഷ്മി മിത്തലിനെ യുകെ വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. ബജറ്റിന് ദിവസങ്ങൾക്ക് മുമ്പാണ് യുകെയിലെ ഏറ്റവും സമ്പന്നനായ ഇന്ത്യൻ ബിസിനസുകാരിൽ ഒരാളായ മിത്തൽ യുകെ വിടുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്.
മിത്തൽ ലോകത്തിലെ തന്നെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളാണ്. ബ്രിട്ടന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ സ്ഥിരം പേരുകാരൻ. മിത്തൽ സ്റ്റീലിൻ്റെ സ്ഥാപകൻ അറിയപ്പെടുന്നത് തന്നെ സ്റ്റീൽ രാജാവ് എന്നാണ്. 2006-ൽ കമ്പനിയുടെ ആഴ്സ്ലറുമായുള്ള ലയനം ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ നിർമ്മാതാക്കളായി ആഴ്സൽ മിത്തലിനെ മാറ്റിയിരുന്നു. കമ്പനിയുടെ 40 ശതമാനം ഓഹരികൾ മിത്തൽ കുടുംബത്തിന് സ്വന്തമാണ്. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മിത്തൽ എന്തിനാണ് ആ രാജ്യം വിടുന്നത്?
അതിസമ്പന്നരെ ലക്ഷ്യമിട്ട് യുകെ
അതിസമ്പന്നരെ ലക്ഷ്യം വച്ചുള്ള ലേബർ പാർട്ടിയുടെ പുതിയ നികുതി പരിഷ്കാരങ്ങൾ യുകെയിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ ബിസിനസുകാർക്ക് വലിയ ബാധ്യതയാകുകയാണ്. ഇതുമൂലം നികുതി ഇളവ് നൽകുന്ന, ബിസിനസ് സൗഹാർദ്ദ നടപടികളുള്ള രാജ്യങ്ങളായ ദുബായ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ടെക് സംരംഭകർ, കായിക താരങ്ങൾ, ബിസിനസ്സ് മാഗ്നറ്റുകൾ എന്നിവർ നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം അതിസമ്പന്നർ യുകെ വിടുന്നത് ദീർഘകാലത്തിൽ യുകെക്ക് ഗുണകരമാകില്ല. യുകെ വിടുന്ന അതിസമ്പന്നരെ ലക്ഷ്യമാക്കി പ്രത്യേക എക്സിറ്റ് ടാക്സും നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇത് ശതകോടീശ്വരൻമാർക്കിടയിൽ അതൃപ്തിക്കും കാരണമായിട്ടുണ്ട്. അതുപോലെ പരമ്പരാഗതമായി കൈവശം വയ്ക്കുന്ന ആസ്തികൾക്കുള്ള ഇൻഹെറിറ്റൻസ് ടാക്സിലെ പരിഷ്കാരങ്ങളും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ വന്നേക്കും എന്നാണ് സൂചന. 40 ശതമാനമാണ് ഇപ്പോൾ നികുതി. 325000 യൂറോ വരെ മൂല്യമുള്ള ആസ്കിക്ക് ഇപ്പോൾ നികുതി ബാധ്യതയില്ല.
പഠിക്കാം & സമ്പാദിക്കാം
Home
