image

9 Dec 2023 12:45 PM GMT

World

റഷ്യന്‍ വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി ജി 7

MyFin Desk

G7 to ban import of Russian diamonds
X

Summary

  • യുക്രെനിലെ റഷ്യൻ അധിനിവേശം തടയുന്നതിന്റെ ഭാഗമായാണ് നീക്കം.
  • തീരുമാനം വജ്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ രാജ്യങ്ങള്‍
  • നിയന്ത്രണങ്ങൾ ജനുവരി മുതൽ പ്രാബല്യത്തിൽ


റഷ്യയില്‍ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി ജി 7 രാജ്യങ്ങള്‍. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ജി 7 രാജ്യങ്ങള്‍ സ്വീകരിച്ചത്. 2024 ജനുവരി മുതലാണ് റഷ്യന്‍ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുക.യുക്രെനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ ധനസമാഹരണം തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ജനുവരി ഒന്ന് മുതല്‍ റഷ്യയില്‍ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും മാര്‍ച്ച് 1 മുതല്‍ മറ്റ് രാജ്യങ്ങളില്‍ സംസ്‌കരിച്ച റഷ്യന്‍ വജ്രങ്ങള്‍ കൂടി നിരോധനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജി 7 രാജ്യങ്ങള്‍.

ജി 7 രാജ്യങ്ങളുടെ തീരുമാനത്തോട് വജ്രം ഉല്‍പ്പാദിപ്പിക്കുന്ന പല രാജ്യങ്ങളും, പ്രമുഖ ബ്രാന്‍ഡുകളും ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇറക്കുമതി നിരോധിക്കുന്ന തീരുമാനം പ്രായോഗികമല്ലെന്നും, ഇവ വജ്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇറക്കുമതി ചെയ്യുന്ന വജ്രങ്ങള്‍ റഷ്യയില്‍ നിന്നാണൊന്നു പ്രത്യേക സംവിധാനത്തിലുടെ പരിശോധിക്കുമെന്ന് ജി 7 രാജ്യങ്ങള്‍ വ്യക്തമാക്കി.

യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി ഉൾപ്പെടെ പങ്കെടുത്ത ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ ജി 7 പ്രസ്താവനയിൽ, റഷ്യയിൽ ഉൽപ്പാദിപ്പിക്കുന്നതോ, ഖനനം ചെയ്തതോ, സംസ്കരിച്ചതോ ആയ വ്യാവസായിക വജ്രങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിരുന്നു. യുദ്ധത്തിൽ തകർന്ന ഉക്രെയ്‌നിന്റെ പുനരധിവാസത്തിന് സഹായിക്കുന്നതിന് ഏകദേശം 4.5 ബില്യൺ ഡോളർ അധിക ഫണ്ട് നൽകാൻ തയ്യാറാണെന്ന് ജി 7 അധ്യക്ഷനായ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിൽ പറഞ്ഞു.