image

9 May 2026 9:17 AM IST

World

ഭക്ഷ്യവസ്തുക്കൾക്ക് വില കത്തി കയറുന്നു, മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്ക്

MyFin Desk

food prices are skyrocketing, the highest rate in three years
X

Summary

പാചകത്തിന് സസ്യ എണ്ണ കുറച്ചോളൂ, ഈ ഭക്ഷ്യ വസ്തുക്കൾക്ക് വില കത്തി കയറുന്നു.


ഇറാൻ യുദ്ധം മൂലം ഭക്ഷ്യവില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആ​ഗോള തലത്തിൽ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്ന തടസങ്ങൾ ഉൾപ്പെടെ തിരിച്ചടിയായി. സസ്യ എണ്ണ, മാംസം, ധാന്യങ്ങൾ എന്നിവയുടെ വില വർദ്ധനവും ഇതിന് കാരണമായി.ഏപ്രിലിൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവസ്തുക്കളുടെ വില സൂചിക 1.6 ശതമാനമാണ് ഉയർന്നത്. ‌ഒരു വർഷം മുമ്പുള്ളതിനേക്കാൾ 2.5 ശതമാനം കൂടുതലാണ് ഇത്.

മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയാണിത്. സസ്യ എണ്ണ, മത്സ്യം, മാംസം, ധാന്യങ്ങൾ എന്നിവയ്ക്ക് കുത്തനെ വില ഉയ‍ർന്നിട്ടുണ്ട്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് സസ്യ എണ്ണ വില. മാർച്ചിൽ നിന്ന് 5.9 ശതമാനമാണ് വില ഉയർന്നത്.

സസ്യ എണ്ണ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എണ്ണ വില വർദ്ധനവ് ജൈവ ഇന്ധനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുകയും സസ്യ എണ്ണ വിപണിയിൽ സമ്മർദ്ദം ഉണ്ടാകുകയും ചെയ്യുന്നു എന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധം തുടങ്ങി മൂന്ന് മാസം കൊണ്ട് ഡീസൽ, വളം തുടങ്ങിയവയിലെ ക്ഷാമം രൂഷമാകുകയും വില ഉയരുകയും ചെയ്തു. ചില്ലറ വിൽപ്പന വിലകളേക്കാൾ അസംസ്കൃത വസ്തുക്കളുടെ വില കൂടി അടിസ്ഥാനമാക്കിയാണ് ആഗോള ഭക്ഷ്യോൽപ്പന്ന വില നിശ്ചയിക്കുന്നത്.

ആഗോള തലത്തിൽ ഉൽപാദനം കുറയും

കാലാവസ്ഥാ വ്യതിയാനവും 2026 ൽ ഗോതമ്പ് കൃഷി കുറയുമെന്ന അനുമാനങ്ങളും കാരണം ധാന്യ വില സൂചിക മാർച്ചിനെ അപേക്ഷിച്ച് 0.8 ശതമാനം ഉയർന്നു. മാർച്ചിൽ നിന്ന് 1.2 ശതമാനം ഉയർന്ന് മാംസ വില സൂചികയും റെക്കോർഡ് ഉയരത്തിലെത്തി.

ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഡീസലിന്റെയും വളങ്ങളുടെയും വില കുതിച്ചുയരുന്നതിനാൽ വിളവ് കുറയുമെന്ന് ആഗോള തലത്തിൽ കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ഉൽപാദന ചെലവുകൾ നേരിടാൻ മുൻനിര യൂറോപ്യൻ കാ‍ർഷികോൽപ്പന്ന ഉൽ‌പാദകരായ ഫ്രാൻസും റൊമാനിയയും ഉൾപ്പെടെ ഉൽ‌പാദനം കുറയ്ക്കുമെന്നാണ് സൂചന.