image

19 Sep 2023 11:02 AM GMT

World

ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു; വ്യാപാര ബന്ധങ്ങളെ ബാധിക്കുമോ?

MyFin Desk

trade relations between india and canada
X

ഒരു ദശാബ്ദത്തിന് ശേഷം പുനരാരംഭിച്ച സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഇന്ത്യയും കാനഡയും തമ്മിലുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ ആശങ്കകള്‍ കാരണം നിര്‍ത്തിവച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിച്ച ഖാലിസ്ഥാന്‍ പ്രശ്‌നം ഉദ്ധരിക്കാതെ, 'രാഷ്ട്രീയ പ്രശ്‌നങ്ങള്‍' പരിഹരിച്ചുകഴിഞ്ഞാല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് ഇപ്പോഴുള്ള പ്രതീക്ഷ.

കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് സെപ്റ്റംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയില്‍ ആശങ്ക അറിയിച്ചിരുന്നു. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും നയതന്ത്രജ്ഞര്‍ക്ക് നേരെ അക്രമത്തിന് പ്രേരിപ്പിക്കുകയും അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തെപ്പറ്റി മോദി ട്രൂഡോയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

ഇന്‍വെസ്റ്റ് ഇന്ത്യ പറയുന്നതനുസരിച്ച്, 2000 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഏകദേശം 3,306 ദശലക്ഷം ഡോളറാണ് ഇന്ത്യയിലുള്ള കാനഡയുടെ നിക്ഷേപം. ഇന്ത്യയിലെ 18-ാമത്തെ വലിയ വിദേശ നിക്ഷേപകരാണ് കാനഡ. അവരുടെ നിക്ഷേപം ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐയുടെ (വിദേശ നേരിട്ടുള്ള നിക്ഷേപം) 0.5 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. 2022-ല്‍ ഇന്ത്യ കാനഡയുടെ ഒമ്പതാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐ നിക്ഷേപത്തിന്റെ 40.63 ശതമാനവും സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ചേര്‍ന്നാണ്.

ഇന്‍വെസ്റ്റ് ഇന്ത്യ പറയുന്നതനുസരിച്ച്, 600-ലധികം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. 1,000-ലധികം കനേഡിയന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായി ബിസിനസ് തുടരുന്നു.

വാണിജ്യ മന്ത്രാലയത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, കാനഡയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തില്‍ 4,109.74 ദശലക്ഷം ഡോളറായിരുന്നു. മറുവശത്ത്, 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ കാനഡയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 4,051.29 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഇത് ഈ വര്‍ഷത്തെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 0.6 ശതമാനമാണ്, വാണിജ്യ മന്ത്രാലയ ഡാറ്റ കാണിക്കുന്നു.

കാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇറക്കുമതിയില്‍ പയര്‍വര്‍ഗങ്ങള്‍, തടി, പള്‍പ്പ്, പേപ്പര്‍, ഖനന ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഉള്ളത്.

നമ്മള്‍ വ്യക്തിഗത പണമയക്കല്‍ പരിശോധിച്ചാല്‍ ലോകബാങ്ക് കണക്കുകള്‍ പ്രകാരം 2022-ല്‍ ഇന്ത്യയ്ക്ക് കാനഡയില്‍ നിന്ന് ഏകദേശം 859.83 ദശലക്ഷം ഡോളര്‍ ലഭിച്ചു.

ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയ പിരിമുറുക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും ബാധിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയും കാനഡയും സമാന ഉല്‍പ്പന്നങ്ങളില്‍ മത്സരിക്കുന്നില്ലെന്നും അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ വ്യാപാരം നടത്തുന്നതിനാല്‍ ഈ സംഭവങ്ങള്‍ രാജ്യങ്ങളെ ബാധിക്കാനിടയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ ഇന്ത്യയുടെ വലിയ വിപണിയും നിക്ഷേപിച്ച പണത്തിന് മികച്ച വരുമാനവും കണക്കിലെടുത്ത് ഇവിടെ നിക്ഷേപം തുടരുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) സഹസ്ഥാപകന്‍ അജയ് ശ്രീവാസ്തവയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.