29 March 2026 9:22 PM IST
Summary
നരേന്ദ്രമോദിയുമായി ശ്രീലങ്കന്‍ പ്രസിഡന്റ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയില്‍ എത്തിച്ചു നല്‍കി. 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളുമാണ് കൈമാറിയത്. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി. മേഖലയിലെ സുരക്ഷയും ഊര്‍ജ സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ വിശ്വസ്തരായ പങ്കാളികളായി ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ശ്രീലങ്കയിലെ ഇന്ധനവിതരണം താറുമാറായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയുടെ സഹായം തേടിയത്. 'അയല്‍പക്കത്തിന് മുന്‍ഗണന' എന്ന നയത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ നടപടി. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ നല്‍കിയ കൈത്താങ്ങിന് പ്രസിഡന്റ് ദിസനായകെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും എക്‌സിലൂടെ നന്ദിയറിയിച്ചു.
പശ്ചിമേഷ്യയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമായിരുന്നു ശ്രീലങ്ക ഇന്ധനം വാങ്ങിയിരുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം ശക്തമായതോടെ വിതരണക്കാര്‍ കയ്യൊഴിഞ്ഞത് രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കി. നിലവില്‍ ശ്രീലങ്കയില്‍ ഇന്ധന റേഷന്‍ ഏര്‍പ്പെടുത്തുകയും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ നാല് ദിവസമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഇടപെടല്‍ ശ്രീലങ്കയിലെ ഗതാഗത-വൈദ്യുതി മേഖലകള്‍ക്ക് വലിയ ആശ്വാസമാകും.
പഠിക്കാം & സമ്പാദിക്കാം
Home
