image

1 Jan 2026 4:52 PM IST

World

ഗ്ലോബല്‍ പവര്‍ ഹൗസ് ആയി മാറാൻ ഒരുങ്ങി ഇന്ത്യ

MyFin Desk

ഗ്ലോബല്‍ പവര്‍ ഹൗസ് ആയി മാറാൻ ഒരുങ്ങി ഇന്ത്യ
X

Summary

India Global Power House


പണ്ട് കുറഞ്ഞ ചിലവില്‍ ജോലി ചെയ്തു കൊടുക്കുന്ന രാജ്യം എന്ന നിലയിലായിരുന്നു ഇന്ത്യ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, പ്രോഡക്റ്റ് ഡെവലപ്‌മെന്റ്, ഹൈ-വാല്യൂ കണ്‍സള്‍ട്ടിംഗ് എന്നിവയില്‍ ഇന്ത്യ ലോകനേതാവാണ്. ഇതിന് കരുത്തുപകരുന്നത് നമ്മുടെ 'ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍' ആണെന്ന് റിപ്പോർട്ട്. ഇവൈ റിപ്പോര്‍ട്ടില്‍ ഒട്ടേറെ ശ്രദ്ധേയമായ നിർദേശങ്ങളുണ്ട്. ലോകം അത്ഭുതത്തോടെ നോക്കുന്ന യുപിഐയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബിസിനസ്സ് ചെയ്യാനുള്ള ചിലവ് കുറയ്ക്കുകയും സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

അതേസമയം, സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി വായ്പാ ലഭ്യതയിലെ കുറവാണ്. കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റ് ശക്തിപ്പെടുത്തുന്നതിലൂടെയും വ്യക്തിഗത വായ്പകള്‍ സുഗമമാക്കുന്നതിലൂടെയും ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇത് മാനുഫാക്ചറിംഗ് മേഖലയിലേക്ക് വന്‍തോതില്‍ മൂലധനം എത്തിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പ്രതിശീർഷ വരുമാനത്തിൽ ആറിരട്ടി വർധന

പുതുതലമുറ സംരംഭകരുടെ കുതിച്ചുചാട്ടം ഇതിന് വലിയൊരു ഇന്ധനമാകും. 2047-ഓടെപ്രതിശീര്‍ഷ വരുമാനത്തില്‍ ആറിരട്ടി വര്‍ദ്ധനവാണ് പ്രവചിക്കുന്നത്. വരുമാനം വര്‍ദ്ധിക്കുന്നതോടെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളില്‍ ഒന്നായി മാറും. ഇത് ഓഹരി വിപണിയിലുണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ചിലവ് ജിഡിപിയുടെ 14-18 ശതമാനമാണ്. എന്നാല്‍ 2030-ഓടെ ഇത് ആഗോള നിലവാരമായ 8 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ മത്സരക്ഷമത നല്‍കും. ഹൈ-വാല്യൂ മാനുഫാക്ചറിംഗ് ഹബ്ബായി മാറുന്നതോടെ ചൈനയ്ക്ക് പകരമുള്ള ഏക വിശ്വസ്ത ശക്തിയായി ഇന്ത്യ മാറും. ചില വെല്ലുവിളികളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. നയപരമായ കൃത്യതയും സ്ഥിരതയും ഉണ്ടെങ്കില്‍ മാത്രമേ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകൂ എന്നതാണ് മുന്നറിയിപ്പ്.