16 March 2026 2:33 PM IST
പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ, ദക്ഷിണേഷ്യയിലെ ഇന്ധന വിതരണം പ്രതിസന്ധിയിൽ, ഊർജ സംരക്ഷണത്തിന് നടപടികളുമായി രാജ്യങ്ങൾ
MyFin Desk
Summary
പാക്കിസ്ഥാൻ, ധാക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷം. ഊർജ സംരക്ഷണത്തിനായി നടപടികളുമായി ഫിലിപ്പിൻസ് , തായ്‍ലൻഡ് രാജ്യങ്ങളും
ഇറാൻ- ഇസ്രായേൽ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും ഊർജ വിതരണം തടസപ്പെടുപ്പുന്നു. പാകിസ്ഥാൻ, ധാക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെട്രോൾ സ്റ്റേഷനുകളിലെ ആളുകളുടെ നീണ്ട ക്യൂവിൻ്റെ ചിത്രങ്ങൾ പുറത്ത് വരികയാണ്. സംഘർഷം ആരംഭിച്ചതിനുശേഷം എൺപതിലധികം രാജ്യങ്ങളിൽ എണ്ണ വില ഉയർന്നു. നിലവിൽ ബാരലിന് 105 ഡോളറിലാണ് എണ്ണ വില. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഊർജ്ജ ഇറക്കുമതിയുടെ ഭൂരിഭാഗവും നടക്കുന്ന പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് അപ്രതീക്ഷിത ഊർജ പ്രതിസന്ധിക്ക് കാരണം.
പെട്രോൾ വിതരണം മാത്രമല്ല എൽപിജി വിതരണവും തടസപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും സംഘർഷം ബാധിച്ചു. ഗൾഫിനപ്പുറത്തേക്കും എണ്ണ ഇറക്കുമതിയുടെ സാധ്യതകൾ തേടാനും ഉൽപാദനം ഉയർത്താനും നിർബന്ധിതരാകുകയാണ് ഏഷ്യൻ രാജ്യങ്ങൾ. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ദശകത്തിൽ എണ്ണ ഉൽപാദനം ഉയർത്തിയിട്ടുണ്ട്.
കട്ടിയുള്ള അസംസ്കൃത എണ്ണ സംസ്കരിക്കുന്നതിനായും ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനായും തെക്കുകിഴക്കൻ ഏഷ്യയിലെ റിഫൈനറികൾ പൂർണമായും പര്യാപ്തമല്ലാത്തതും രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇനി ഊർജ വിതരണം തടസപ്പെടാതിരിക്കാൻ ഗണ്യമായ നിക്ഷേപം കൂടിയേ തീരൂ എന്ന ഓർമിപ്പിക്കൽ കൂടെയാണ് ഗൾഫിലെ അസ്വാരസ്യങ്ങൾ.
ഊർജ സംരക്ഷണത്തിനായി നടപടികളുമായി രാജ്യങ്ങൾ
അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന പാകിസ്ഥാനും പ്രധാനമായും ആശ്രയിക്കുന്നത് ഹോർമുസ് കടലിടുക്കിനെയാണ്. ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷം ഇതോടകം ദുർബലമായ പാക് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദുർബലമാക്കുകയാണ്. ചില സ്‌കൂളുകൾ ഓൺലൈനിലേക്ക് മാറി. രാജ്യത്തെ 25 കോടി ജനങ്ങളിൽ പകുതിയോളം പേരും ദരിദ്രരാണ്. ഉയരുന്ന വിലക്കയറ്റം വീണ്ടും പാക്സമ്പദ്‍വ്യവസ്ഥക്കും ഭീഷണിയാകും.
ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിലും പ്രതിസന്ധിയുണ്ട്. അസംസ്കൃത എണ്ണയുടെ 95 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നാണ് ഈ രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇന്ധനം ലാഭിക്കുന്നതിനായി പ്രവൃത്തി ദിനങ്ങൾ നാല് ദിവസമാക്കി മാറ്റാൻ ഇവിടെ പൊതുപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതു ഓഫീസുകളിൽ എയർ കണ്ടീഷണർ താപനില 26°സെൽഷ്യസ് ആയി ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള ഇന്ധന ലാഭ നടപടികൾ തായ്‌ലൻഡും പ്രഖ്യാപിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
