image

3 Jan 2026 4:05 PM IST

World

Neuralink Elon Musk : തലച്ചോറിലേക്ക് മസ്കിൻ്റെ ഇലക്ട്രോണിക് ചിപ്പുകൾ ; ഇനി എഐ മനുഷ്യരെ നിയന്ത്രിക്കുന്ന കാലം!

Rinku Francis

Neuralink Elon Musk : തലച്ചോറിലേക്ക് മസ്കിൻ്റെ ഇലക്ട്രോണിക് ചിപ്പുകൾ ; ഇനി എഐ മനുഷ്യരെ നിയന്ത്രിക്കുന്ന കാലം!
X

Summary

Neuralink Brain Implant : മസ്കിന്റെ ബ്രെയിൻ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്ക് തലച്ചോറിൽ ഘടിപ്പിക്കാനാകുന്ന എഐ ചിപ്പുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ മനുഷ്യൻ എഐയെ നിയന്ത്രിച്ചെങ്കിൽ ഇനി വരുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ


ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മനുഷ്യബുദ്ധിക്ക് അപ്പുറത്തേക്ക് സ്വതന്ത്രമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ തന്നെ വരും വർഷങ്ങളിൽ മാറ്റി മറിക്കുന്ന തൻ്റെ ബ്രെയിൻ ഇംപ്ലാൻ്റ്മൻ്റ് പദ്ധതികൾക്ക് പുതുവർഷത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ശതകോടീശ്രൻ ഇലോൺ മസ്ക്.

മസ്കിന്റെ ബ്രെയിൻ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്ക് 2026-ൽ മസ്തിഷ്കത്തിൽ ഇംപ്ലാന്റ് ചെയ്യാനാകുന്ന ഇലക്ട്രോണിക് ചിപ്പുകളുടെ നി‍ർമാണം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മസ്തിഷ്ഘാതം സംഭവിച്ചവർ, ഗുരുതരമായ പക്ഷാഘാതം ബാധിച്ചവർ എന്നിവർക്കൊക്കെ എഐയുടെ സഹായത്തോടെ ഇനി ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാം. പൂർണ്ണമായും ഓട്ടോമേറ്റഡായിരിക്കുന്ന ശസ്ത്രക്രിയയിലൂടെയാണ് ബ്രെയിൻ ഇംപ്ലാൻ്റ്മൻ്റ് ഉപകരണങ്ങൾ തലച്ചോറിൽ ഘടിപ്പിക്കുക.

സെപ്റ്റംബറിൽ മാത്രം ലോകമെമ്പാടും ഗുരുതരമായ പക്ഷാഘാതം ബാധിച്ച 12 പേർക്ക് ബ്രെയിൻ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയതായാണ് കമ്പനിയുടെ അവകാശ വാദം. ചിപ്പ് ഇംപ്ലാൻ്റ് ചെയ്തതിന് ശേഷം വീഡിയോ ഗെയിമുകൾ കളിക്കാനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുമൊക്കെ പരീക്ഷണത്തിനിരയായ ആദ്യ രോ​ഗിക്ക് പോലും കഴിഞ്ഞത്രെ.

2024-ലാണ് കമ്പനി ബ്രെയിൻ ഇംപ്ലാന്റ് പരീക്ഷണങ്ങൾ മനുഷ്യരിൽ ആദ്യമായി ആരംഭിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആദ്യം ഇതിനുള്ള അപേക്ഷ നിരസിച്ചിരുന്നു. പിന്നീട് യുഎസ്എഫ്ഡിഎ ഉന്നയിച്ച സുരക്ഷാ ആശങ്കകൾ പരിഹരിച്ചതിന് ശേഷമാണ് പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചത്.

ലോകം മാറ്റി മറിക്കും

തലച്ചോറിനും നാഡികൾക്കും പരിക്കേറ്റവ‍‍ർക്ക് ഏറെ സഹായകരമെന്ന് മസ്ക് അവകാശപ്പെടുന്ന ശസ്ത്രക്രിയ പക്ഷേ ലോകത്തിന് മുന്നിൽ വയ്ക്കുന്നത് വലിയ മാറ്റങ്ങൾക്കുള്ള സാധ്യത കൂടെയാണ്. ഇതുവരെ മനുഷ്യ‍ർ കണ്ടിരിക്കുന്നതിനുമപ്പുറത്തേക്കുള്ള മാറ്റങ്ങൾ ഇനി ലോകത്ത് യാഥാർഥ്യമായി തുടങ്ങും.

ചിന്തകളും എഐ നിയന്ത്രിക്കുന്ന കാലം വരുന്നു

വൻതോതിൽ ബ്രെയിൻ ചിപ്പുകൾ ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നത് മനുഷ്യരുടെ തലച്ചോറുകളെ യന്ത്രങ്ങളായി മാറ്റുന്ന കാലത്തിലേക്കുള്ള പരിവ‍ർത്തനം എളുപ്പമാക്കുകയാണ്. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റവ‍‍‍ർക്കും മസ്തിഷ്കാഘാതങ്ങൾ സംഭവിച്ചവ‍ർക്കും മാത്രമല്ല ഇംപ്ലാന്റിങ് പരീക്ഷണങ്ങൾക്കായി തയ്യാറാവുന്നവ‍ർക്കും ഈ ചിപ്പുകൾ ഭാവിയിൽ സ്വീകാര്യമാകും. ഉൽപ്പാദനവും ശസ്ത്രക്രിയയും വരെയുള്ള ഘട്ടങ്ങളെല്ലാം പൂ‍ർണമായും ഓട്ടോമേറ്റഡാണ്. അനായാസം ചിപ്പുകൾ ഘടിപ്പിക്കാനാകുന്നതുപോലെ തലച്ചോർ തന്നെ മാറ്റിവക്കാനായേക്കാം.

നി‍ർമിത ബുദ്ധി മനുഷ്യരുടെ ബുദ്ധിയെയും മറികടന്ന് ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് തുടങ്ങുന്ന ഒരു കാലഘട്ടം വിദൂരമല്ല. എഐക്ക് എത്തിപ്പിടിക്കാൻ കഴിയില്ല എന്ന് നമ്മൾ കരുതിയിരുന്ന മേഖലകളും നിർമിത ബുദ്ധി കീഴടക്കുന്നത് ഇനി വിഭാവനം ചെയ്തേ പറ്റൂ. മനുഷ്യരുടെ ചിന്ത, വികാരങ്ങൾ എന്നിവയെല്ലാം എഐ നിയന്ത്രിക്കുന്നു. തലച്ചോറിൽ ഘടിപ്പിക്കുന്ന ഒരു ഉപകരണം മനുഷ്യരുടെ ചിന്തയേയും പെരുമാറ്റത്തേയുമൊക്കെ സ്വാധീനിക്കുന്നത് ചിന്തിച്ചുനോക്കൂ. എഐ, മനുഷ്യർ നിയന്ത്രിക്കുന്ന കാലത്തിന് പകരം മനുഷ്യരുടെ തലച്ചോ‍ർ എഐയാൽ നിയന്ത്രിക്കപ്പെടുന്ന കാലവും വിദൂരമല്ല.

ന്യൂറൽ ഡാറ്റ പ്രധാനമായി മാറും

ലോകത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഈ ആശയം ഭാവിയിൽ വിനാശകരമായ എത്രയോ പ്രവർത്തനങ്ങൾക്കു കൂടി ഉപയോഗിക്കപ്പെട്ടേക്കാം എന്ന് കൂടെചിന്തിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ആളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കമ്പനികൾ മത്സരിക്കുകയാണ്. ഇനി ശേഖരിക്കപ്പെടുക ന്യൂറൽ ഡാറ്റ ആയിരിക്കും. വികാരങ്ങൾ, ഓർമകൾ, അബോധതലങ്ങൾ എന്നിവയെല്ലാം എല്ലായിടത്തും റെക്കോഡ് ചെയ്യപ്പെടുന്നു. ഫോണും കംപ്യൂട്ടറുകളും ഹാക്ക് ചെയ്യുന്നതുപോലെ ഈ ബ്രെയിൻ ചിപ്പുകളും ഹാക്ക് ചെയ്യപ്പെട്ടാലോ?

തൊഴിലിടങ്ങളിലും അക്കാദമിക മേഖലകളിലും രാഷ്ട്രീയത്തിലും ബിസിനസിലുമൊക്കെ മത്സരം ഇന്ന് വ്യാപകമാണ്. മുന്നിലുള്ളവരെ ചവിട്ടിവീഴ്ത്താനും എങ്ങനെയും ഒരുപടി മുന്നിൽക്കയറാനുമുള്ള വ്യഗ്രതയും കുതന്ത്രങ്ങളുമൊക്കെ വ്യാപകമാണ്. ഇതിനിടയിൽ എഐ ബ്രെയിൻചിപ്പുകൾ കൂടെ എത്തിയാലോ? ഭാവിയിൽ എതിരാളികളെ ഏതുവിധേനയും തറപറ്റിക്കണമെന്ന് ചിന്തിക്കുന്നവർ ഇത്തരം എഐ ചിപ്പുകളെ എങ്ങനെയെല്ലാമാകും കൂട്ടുപിടിക്കുക? ചിപ്പുകൾക്ക് തലച്ചോർ പോലും കീഴടക്കാനാകുന്ന കാലം. ചിന്തകളും വികാരങ്ങളും ഓർമകളുമൊക്കെ എല്ലാ അർഥത്തിലും യാന്ത്രികമാകാൻ ഒരുങ്ങുക കൂടെയാണ്.