8 Jan 2026 2:42 PM IST
US Attack Venezuela ; വെനസ്വേല; യുഎസ് നടപടിയിൽ ലോക രാജ്യങ്ങളുടെ മൃദുസമീപനത്തിന് കാരണം എന്താണ്?
James Paul
Summary
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയ യുഎസ് നടപടി കേവലം ഒരു രാജ്യത്തെ ഭരണമാറ്റമാണോ? വിഷയത്തിൽ ലോക രാജ്യങ്ങൾ മൃദുസമീപനം സ്വീകരിക്കാൻ കാരണം എന്താണ്?
ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനിസ്വേലയുടെ മണ്ണിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം നടത്തിയിരിക്കുന്നു എന്ന വാർത്തയുമായാണ് 2026-തുടങ്ങുന്നത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയ ഈ നടപടി കേവലം ഒരു രാജ്യത്തെ ഭരണമാറ്റമാണോ, അതോ ആഗോള ഊർജ്ജ വിപണിയെ വിറപ്പിക്കാൻ ട്രംപ് നടത്തുന്ന ആസൂത്രിതമായ ഒരു വേട്ടയാണോ?
ജനാധിപത്യം പുനസ്ഥാപിക്കാനെന്ന പേരിൽ മറ്റൊരു പരമാധികാര രാജ്യത്തിന്റെ എണ്ണ സമ്പത്തിന് മേൽ അമേരിക്ക കണ്ണുവെക്കുമ്പോൾ ലോകം ചോദിക്കുന്നു.ഇത് ഒരു ആധുനിക അധിനിവേശമാണോ? ലാറ്റിൻ അമേരിക്കയിൽ ട്രംപ് തുറന്ന ഈ പുതിയ യുദ്ധമുഖം ഇന്ത്യയെ എങ്ങനെ ബാധിക്കും? കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുമോ അതോ ആഗോള സാമ്പത്തിക അസ്ഥിരത നമുക്ക് തിരിച്ചടിയാകുമോ?
മൗനത്തിന് പിന്നിലെ കാരണം എന്താണ്?
വെനിസ്വേലയിൽ ട്രംപ് നടത്തുന്ന ഈ നീക്കം ലോക രാഷ്ട്രീയത്തിന്റെ പുതിയ ദിശാസൂചികയാണ്. 'അമേരിക്ക ഫസ്റ്റ്' എന്ന നയത്തിലൂടെ സ്വന്തം രാജ്യത്തിന്റെ ഇന്ധനക്ഷാമം പരിഹരിക്കാനും ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കാനും ട്രംപ് ലക്ഷ്യമിടുന്നു എന്നത് വ്യക്തമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറി അവിടുത്തെ വിഭവങ്ങൾ പിടിച്ചെടുക്കുന്ന ഈ രീതി അന്താരാഷ്ട്ര നയതന്ത്രത്തിന് വലിയ വെല്ലുവിളിയാണ്.
ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വെനസ്വേലയെ ആക്രമിച്ച് പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോവുകയും ന്യൂയോര്‍ക്കിലെത്തിച്ച് അറസ്റ്റ് ചെയ്തിരിക്കുകയുമാണ് അമേരിക്ക. അനധികൃത കുടിയേറ്റം, നാര്‍കോ ടെററിസം എന്നിവയാണ് ആക്രമണത്തിന് കാരണമായി ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ലാറ്റിനമേരിക്കയിൽ ട്രംപ് തുറന്നിരിക്കുന്നത് പുതിയ ഒരു സംഘർഷാവസ്ഥക്ക് കൂടെയാണ്. ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?
സാമ്പത്തികപ്രതിസന്ധിയിൽ യൂറോപ്പ്
മുൻ യുഎൻ ഡയറക്ടർ ജെഎസ് അടൂർ ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളുണ്ട്. യൂറോപ്പിലെ മിക്കവാറും രാജ്യങ്ങൾ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെലവ് ഉയരുന്നു. തൊഴിൽ അവസരങ്ങൾ കുറയുന്നു. അമേരിക്കയുടെ ഏറ്റവും അടുത്ത രാജ്യമാണ് യുകെ. എന്നിട്ടും യുകെ ഈ വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടില്ല. ഇന്ത്യയും മൃദുവായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ലോക രാജ്യങ്ങളെല്ലാം ഏതാണ്ട് ഇതേ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. കാരണമുണ്ട്. ഐക്യരാഷ്ട്ര സഭ പോലും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് രാജ്യങ്ങൾ ഇങ്ങനൊരു നടപടി സ്വീകരിക്കാൻ ഒരു പ്രധാന കാരണം സാമ്പത്തികം തന്നെയാണ്.
വെനിസ്വേലിയയിൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ
2005 ,2006 ൽ എണ്ണ വില ഉയർന്ന് നിൽക്കുമ്പോൾ വെനിസ്വേല ഒട്ടേറെ പണം ഉണ്ടാക്കിയിരുന്നു. ജനപ്രിയ നടപടികൾക്കായി അന്ന് മഡുറോ പണം ഒഴുക്കി. സൌജന്യ റേഷൻ , വൈദ്യുതി തുടങ്ങിയ നടപടികൾ. എന്നാൽ പിന്നീടുണ്ടായ എണ്ണ വിപണിയുടെ തകർച്ച വെനിസ്വേലയെ പ്രതിസന്ധിയിലാക്കി. പിന്നീട് 2014 -15 ആയപ്പോൾ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലെത്തി. ജനങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ പിന്നീട് മഡുറോ അടിച്ചമർത്തി. പിന്നീട് വന്ന യുഎസ് പ്രതിരോധങ്ങൾ വെനിസ്വേലയെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഒടുവിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ട്രംപ് പറഞ്ഞത് തന്നെ നടപ്പാക്കുകയായിരുന്നു.
ആര് അമേരിക്കയെ വെല്ലുവിളിക്കും?
ഒരു പരമാധികാര രാജ്യത്തോട് യുഎസ് ചെയ്ത നടപടി തെറ്റാണെങ്കിലും പണപ്പെരുപ്പം കൊണ്ടു പൊറുതി മുട്ടുന്ന വെനിസ്വേലയിലെ ജനങ്ങൾ മികച്ച ഭരണം ആഗ്രഹിക്കുന്നുണ്ട് എന്ന് നയതന്ത്ര വിദഗ്ധനായ ടിപി ശ്രീനിവാസൻ ചൂണ്ടിക്കാട്ടുന്നു. വെനിസ്വേലിയയിൽ നിന്ന് നല്ലൊരുവിഭാഗം ആളുകൾ കൊളംബിയയിലേക്ക് കുടിയേറിയിരുന്നു. ജനങ്ങൾക്കിടയിലുണ്ടായിരുന്ന ഈ അരിഷ്ടിതാവസ്ഥ കൂടെയാണ് യുഎസ് മുതലെടുത്തത്. ലോകത്തെ ഒരു രാജ്യത്തിനും അമേരിക്ക എന്ന സൂപ്പർപവറിനെ വെല്ലുവിളിക്കാനുള്ള ശക്തി നിലവിലെ സാഹചര്യങ്ങളിൽ ഒരു രാജ്യത്തിനുമില്ല എന്നതും ശ്രദ്ധേയമാണ്. രാജ്യങ്ങളുടെ കൂട്ടായ്മക്കും യുഎസിനെ ചെറുക്കാനാകില്ല. എന്നാൽ കിഴക്കൻ ഏഷ്യൻ കൂട്ടായ്മക്കും ചൈനക്കും മാത്രമാണ് തന്ത്രപരമായ ഇടപെടലിന് സാധ്യതയുള്ളത്. യുക്രെയ്ൻ വിഷയം റഷ്യക്ക് ക്ഷീണമായതിനാൽ റഷ്യയും വിഷയത്തിൽ ഇടപെടാൻ സാധ്യതയില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഇരുതല മൂർച്ചയുള്ള വാളാണ്. ഉപരോധങ്ങൾ നീങ്ങി വെനിസ്വേലൻ എണ്ണ വിപണിയിലെത്തിയാൽ നമ്മുടെ പെട്രോൾ വില കുറഞ്ഞേക്കാം. എന്നാൽ ആഗോളതലത്തിൽ അമേരിക്കയുടെ ഈ ഏകപക്ഷീയമായ പടയോട്ടം ദീർഘകാലാടിസ്ഥാനത്തിൽ ലോക സമാധാനത്തിന് എന്ത് വില നൽകേണ്ടി വരുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. 2026-ൽ ലോകം ഉറ്റുനോക്കുന്നത് വെനിസ്വേലൻ ജനതയുടെ വിധിയേക്കാൾ ഉപരിയായി, ട്രംപിന്റെ ഈ 'എണ്ണ വേട്ട' എവിടെ ചെന്ന് അവസാനിക്കും എന്നാണ്.
പഠിക്കാം & സമ്പാദിക്കാം
Home
