28 Nov 2025 3:45 PM IST
നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു
MyFin Desk
Summary
പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും
ഡിസംബര്‍ 4, 5 തീയതികളില്‍ പുടിന്‍ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23 -ാമത് ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താന്‍ പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും.
പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രെയിന്‍ സംഘര്‍ഷത്തിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം അതീവ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരീഫ് ഭീഷണികളടക്കം പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള ഉപരോധങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.
പുടിന്റെ സന്ദര്‍ശന വേളയില്‍ എസ്-400 കാലതാമസത്തെക്കുറിച്ച് ഇന്ത്യ വ്യക്തത തേടും. ഇന്ത്യയും റഷ്യയും തമ്മില്‍ വിപുലമായ പ്രതിരോധ പങ്കാളിത്തമുണ്ടെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങള്‍ വിതരണം ചെയ്യുമെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
