27 Jan 2026 12:43 PM IST
South Korean Products Thariff:വ്യാപാര ഉടമ്പടി പാലിച്ചില്ല;ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് പ്രഖ്യാപിച്ച് ട്രംപ്
MyFin Desk
Summary
കരാര്‍ അംഗീകരിക്കുന്നതില്‍ ദക്ഷിണ കൊറിയയുടെ നിയമനിര്‍മ്മാണ സഭ കാലതാമസം വരുത്തി
ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . യുഎസുമായി ദക്ഷിണകൊറിയ നേരത്തെ ഉണ്ടാക്കിയ വ്യാപാര കരാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. നിലവില്‍ 15 ശതമാനമുള്ള താരിഫ് 25 ശതമാനമായി ഉയര്‍ത്തുമെന്നും ഇത് ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളെ ബാധിക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയയുടെ നിയമനിര്‍മ്മാണ സഭ അമേരിക്കയുമായുള്ള കരാര്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ താരിഫ് വര്‍ദ്ധന പ്രഖ്യാപനത്തിന് നിയമപരമായ പ്രാബല്യം നല്‍കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇതുവരെ വൈറ്റ് ഹൗസ് പുറത്തിറക്കിയിട്ടില്ല. അമേരിക്കയില്‍ നിന്ന് ഈ പുതിയ താരിഫുകളെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
യുഎസ്-ദക്ഷിണ കൊറിയ വ്യാപാര കരാര്‍ എന്ത് ?
യുഎസും ദക്ഷിണ കൊറിയയും കഴിഞ്ഞ ജൂലൈയില്‍ ഒരു വ്യാപാര കരാര്‍ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് 15 ശതമാനമായി കുറയ്ക്കാന്‍ ട്രംപ് സമ്മതിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണ കൊറിയയിലെ ഗ്യോങ്ജുവില്‍ നടന്ന ഏഷ്യാ-പസഫിക് എക്കണോമിക് കോഓപ്പറേഷന്‍ ഫോറത്തിനിടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യുങ്ങുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം ദക്ഷിണ കൊറിയന്‍ ഓട്ടോമൊബൈല്‍ കയറ്റുമതിക്ക് 15 ശതമാനം താരിഫ് നിരക്ക് തുടരുമെന്ന് ട്രംപ് അറിയിച്ചു. ഈ കരാറിന്റെ ഭാഗമായി, സെമികണ്ടക്ടറുകള്‍, കപ്പല്‍ നിര്‍മ്മാണം എന്നിവയുള്‍പ്പെടെ പ്രധാന യുഎസ് വ്യവസായങ്ങളില്‍ 350 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ദക്ഷിണ കൊറിയ സമ്മതിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച വ്യാപാര കരാര്‍ അംഗീകരിക്കുന്നതില്‍ ദക്ഷിണ കൊറിയ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ ഈ നടപടി. കരാര്‍ അംഗീകരിക്കുന്നതില്‍ ദക്ഷിണ കൊറിയയുടെ നിയമനിര്‍മ്മാണ സഭ കാലതാമസം വരുത്തിയെന്നും എന്നാല്‍ അമേരിക്ക കരാറിന് അനുസൃതമായി താരിഫുകള്‍ കുറയ്ക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിച്ചെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
