24 Feb 2026 11:06 AM IST
അമേരിക്കയോട് കളിക്കരുത്! ഇതിലും വലിയ തീരുവ ചുമത്തും; വിദേശ രാജ്യങ്ങള്‍ക്ക് ട്രംപിൻ്റെ ഭീഷണി
MyFin Desk
Summary
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയന്‍ താല്‍ക്കാലികമായി മരവിപ്പിച്ചു
പ്രത്യേക നിയമം ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഏപ്പെടുത്തിയ ആഗോള താരിഫ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയുള്ള യുഎസ് സുപ്രീംകോടതി വിധിക്ക് പിന്നാലെ ലോകരാജ്യങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോട് കളിച്ചാല്‍ ഇതിലും വലിയ തീരുവ ചുമത്തുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
വര്‍ഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങള്‍ യുഎസ് സുപ്രീംകോടതി വിധിയുടെ പേരില്‍ വെല്ലുവിളിച്ചാൽ വില നല്‍കേണ്ടി വരും. മുന്‍പുള്ളതിനേക്കാള്‍ വലിയ നികുതികളും മറ്റ് നടപടികളും നേരിടേണ്ടി വരുമെന്നും ട്രംപ് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കരാർ മരവിപ്പിച്ച് യൂറോപ്യൻ യൂണിയൻ
സാമ്പത്തിക അടിയന്തരാവസ്ഥക്കാലത്ത് ഉപയോഗിക്കുന്ന ഇൻ്റർനാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ച് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ പകരച്ചുങ്കം യുഎസ് സുപ്രീംകോടതി ഫെബ്രുവരി 20-നാണ് റദ്ദാക്കിയത്. നികുതികളും തീരുവകളും തീരുമാനിക്കാന്‍ ഭരണഘടന പ്രകാരം അധികാരം പ്രസിഡൻ്റിനല്ല, മറിച്ച് യുഎസ് കോണ്‍ഗ്രസിന് മാത്രമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
കോടതി വിധിക്ക് പിന്നാലെ താരിഫ് നയത്തില്‍ അമേരിക്ക വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇറക്കുമതി തീരുവയില്‍ വ്യക്തത ലഭിക്കുന്നതുവരെ അമേരിക്കയുമായുള്ള വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയന്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ട്രംപിൻ്റെ പുതിയ താരിഫ് ഭീഷണി പല രാജ്യങ്ങൾക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
