28 Feb 2026 3:02 PM IST
US and Israel launch joint strike on iran:ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തി. ആണവ ചര്‍ച്ചകള്‍ക്കുള്ള പ്രതീക്ഷകള്‍ മങ്ങുന്നു
MyFin Desk
Summary
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇറാന് നേര്‍ക്ക് സംയുക്ത ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. ശനിയാഴ്ച രാവിലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവ നിര്‍വ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാന്‍ ബന്ധം അത്യന്തം വഷളായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ ആക്രമണമെന്നത് ശ്രദ്ധേയമാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ഷെല്‍ട്ടറുകള്‍ക്ക് സമീപത്ത് തുടരാനും ആവശ്യപ്പെട്ടു.
ഇറാന്റെ പ്രസിഡന്‍ഷ്യല്‍ കെട്ടിട സമുച്ചയത്തിന് നേര്‍ക്കും ആക്രമണമുണ്ടായി. ഇറാന്റെ പരമാധികാരി അയത്തൊള്ള ഖമനയിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ഇല്ലാതാക്കാനാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ് അറിയിച്ചു.
ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്,ജോംഹുരി എന്നിവിടങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചു. ഇസ്രയേലില്‍ പലയിടത്തും സൈറണ്‍ മുഴങ്ങിയെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. എല്ലാ സിവിലിയന്‍ വിമാനങ്ങളും വിലക്കി ഇസ്രയേലിന്റെ വ്യോമപാത അടച്ചതായി ഇസ്രയേല്‍ ഗതാഗതമന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പൊതുജനങ്ങള്‍ വരരുതെന്ന മുന്നറിയിപ്പും എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയിട്ടുണ്ട്.
ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശി ഇന്ത്യ നല്‍കി. ഇസ്രയേല്‍ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള് കര്‍ശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ അറിയിപ്പ് പുറപ്പെടുവിച്ചു.
ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് സൈനിക നടപടിയെന്നും ട്രംപ് ന്യായീകരിച്ചു. ആണവ നിര്‍വ്യാപന കരാറിലെത്തുന്നതിന് ഇറാന്‍ സഹകരിച്ചില്ല. അമേരിക്കന്‍ ജനതയുടെ രക്ഷയ്ക്കാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
