image

8 Nov 2025 12:45 PM IST

World

ട്രംപ് ഇഫക്റ്റ്, യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗൺ; പ്രത്യാഘതങ്ങൾ ചെറുതല്ല

Rinku Francis

ട്രംപ് ഇഫക്റ്റ്, യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗൺ; പ്രത്യാഘതങ്ങൾ ചെറുതല്ല
X

Summary

ലോകത്തിന് ട്രംപിൻ്റെ ഷോക്ക്? യുഎസ് ഗവൺമൻ്റ് ഷട്ട് ഡൗൺ നീളുന്നത് കടുത്ത ആശങ്ക. ഈ മേഖലകൾക്ക് തിരിച്ചടിയാകും


ട്രംപ് സർക്കാരിൻ്റെ ഭരണ സ്തംഭനം അനിശ്ചിതകാലത്തേക്ക് നീളുന്നത് മൂലമുള്ള പ്രതിസന്ധി യുഎസിന് പുറത്തേക്കും വ്യാപിച്ചേക്കാം എന്ന് സൂചന. പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചതിലും മോശമാണെന്ന് വൈറ്റ് ഹൗസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അനിശ്ചിത കാലത്തേക്ക് നീളുന്ന ഗവൺമൻ്റ് ഷട്ട്ഡൗൺ അവസാനിപ്പിച്ചാൽ യുഎസ് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരാൻ സാധ്യതയുണ്ടെങ്കിലും നിലവിൽ സ്ഥിതി​ഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിൽ ഇത് എന്ത് സ്വാധീനം ചെലുത്തുമെന്ന ്ഉറ്റുനോക്കുകയാണ് നിക്ഷേപകർ.

ഫണ്ടില്ലാത്തതിനാൽ സർക്കാരിൻ്റെ പല നിർമ്മാണ പദ്ധതികളും മന്ദഗതിയിലായി തുടങ്ങി. 40 എയർപോർട്ടുകളിലെ വിമാനങ്ങൾ കുറച്ചത് മൂലം ഏതാണ്ട് 800ഓളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. നാലു ശതമാനം ഫ്ലൈറ്റ് സർവീസുകൾ കുറയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നൽകിയ നിർദേശം യാത്രക്കാർക്കും ഏവിയേഷൻ കമ്പനികൾക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. ഏതാണ്ട് 4000 ഫ്ലൈറ്റുകളുടെ സമയക്രമത്തെ മാറ്റങ്ങൾ ബാധിക്കാം എന്നാണ് സൂചന. ഇത് ട്രാവൽ, ടൂറിസം മേഖല അവതാളത്തിലാക്കും.

യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ എന്താണ്?

അടുത്ത സാമ്പത്തിക വർഷത്തേക്ക്അല്ലെങ്കിൽ താൽക്കാലിക കാലയളവിലേക്ക് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നൽകുന്നതിനുള്ള നിയമങ്ങൾ സെനറ്റിന് പാസാക്കാനാകാതെ വരുമ്പോഴാണ് യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ സംഭവിക്കുന്നത്. സർക്കാർ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള ബില്ലുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പാസാക്കിയില്ലെങ്കിൽ സർക്കാരിന് പണം ചെലവഴിക്കാനാകില്ല. ഇതാണ് താൽക്കാലിക ഭരണ സ്തംഭനത്തിലേക്ക് നയിക്കുന്നത്.

അടച്ചുപൂട്ടൽ ബജറ്റിന്റെ ഏകദേശം 27 ശതമാനം വരുന്ന ചെലവുകളെ മാത്രമാണ് ബാധിക്കുക. സാമൂഹിക സുരക്ഷ, മെഡികെയർ, കടത്തിന്റെ പലിശ അടവ് തുടങ്ങിയ ചെലവുകളെ ഷട്ട്ഡൌൺ ബാധിക്കും. എന്നാൽ ഷട്ട്ഡൌൺ സമയത്ത് ഭരണഘടനാപരമായ കടമകൾ നിർവഹിക്കുന്നവർക്കും സേവന മേഖലയിലെ താൽക്കാലിക ജീവനക്കാർക്കുമൊക്കെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടതായി വരാം.

സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടി

ഭരണ സ്തംഭനം നീളുന്തോറും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ആഴ്ചയിൽ കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാകാം. ചെലവുചുരുക്കലിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരാം.ചെറുകിട ബിസിനസ്സും കോൺട്രാക്ടർമാരും ബുദ്ധിമുട്ടും. ഫെഡറൽ കരാറുകളെ ആശ്രയിക്കുന്ന ഐടി, ക്ലീനിംഗ്, കാറ്ററിംഗ് മുതലായ മേഖലകളിലെ സ്വകാര്യ കമ്പനികൾ പേയ്‌മെന്റുകൾ കൊടുക്കുന്നത് വൈകുന്നതാണ് കാരണം.

ആഭ്യന്തരമായ പ്രത്യാഘാതങ്ങളാണ് കൂടുതലെങ്കിലും ആഗോള ധനകാര്യ രംഗത്തും വ്യാപാരത്തിലുമുള്ള യുഎസിന്റെ പങ്ക് കാരണം ആഗോള വിപണിയിൽ അനിശ്ചിത്വം ഉണ്ടാകാമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു.രാഷ്ട്രീയ അസ്ഥിരത മൂലം, നിക്ഷേപകർ കൂടുതൽ അപകടസാധ്യതയുള്ള ആഗോള ആസ്തികളിൽ നിന്ന് പണം പിൻവലിക്കാം.