2 March 2026 3:51 PM IST
ആശങ്കയോടെ ലോകം, അനിശ്ചിതത്വത്തിൽ പശ്ചിമേഷ്യ, യുദ്ധം നേരിട്ടു ബാധിക്കുന്ന മേഖലകൾ ഏതാക്കെ?
MyFin Desk
Summary
ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ മാത്രമല്ല കാർഷിക മേഖല, ഏവിയേഷൻ, ടൂറിസം തുടങ്ങി പല സമ്പദ്‍വ്യവസ്ഥകൾക്കും നിർണായകമായ മേഖലകളും താൽക്കാലികമായി പ്രതിസന്ധിയിലാകും
പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിലാണ് ലോകം. ലോകമെമ്പാടുമുള്ള ഓഹരി വിപണിയിൽ മാത്രമല്ല വിവിധ മേഖലകളിലുമുണ്ട് പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സ്വാധീനം. ക്രൂഡ് ഓയിൽ വില കുതിക്കുന്നത് എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നത് തന്നെയാണ് പ്രധാന ആശങ്ക. രാജ്യാന്തര വിപണിയിൽ അധികം വൈകാതെ തന്നെ ക്രൂഡ് ഓയിൽ വില 100 ഡോളറിലെത്തിയേക്കാം എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 78 .77 ഡോളറിലാണ് വ്യാപാരം.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ, ഇന്ധനം, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ കയറ്റുമതിയെയും യുദ്ധം ബാധിക്കും. മിക്ക എണ്ണ കമ്പനികളും കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിൻ്റെ 20 ശതമാനത്തിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ്.
ഏവിയേഷൻ, കയറ്റുമതി, ടൂറിസം മേഖലകളിലും പ്രതിസന്ധി
ഏവിയേഷൻ, ടൂറിസം മേഖലകളാണ് യുദ്ധം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ള മറ്റ് രണ്ട് മേഖലകൾ. ഉയർന്ന ഇന്ധന ചെലവുകളും ബാധ്യതകളും കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയിലെ ഏവിയേഷൻ മേഖലക്ക് വീണ്ടും കനത്ത തിരിച്ചടി നേരിടേണ്ടി വരും. യുഎഇ , സൌദി അറേബ്യ. ഇസ്രായേൽ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ വിമാന കമ്പനികൾ റദ്ദാക്കിയിട്ടുണ്ട്.
കയറ്റുമതി മേഖലയേയും യുദ്ധം ബാധിക്കും. ഗൾഫിലേക്കുള്ള കയറ്റുമതി മേഖലയെ മാത്രമല്ല സംഘർഷങ്ങൾ ബാധിക്കുക. യൂറോപ്പിനെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ കയറ്റുമതികൾക്ക് മിഡിൽ ഈസ്റ്റേൺ സമുദ്ര റൂട്ടുകൾ അവശ്യ ജല പാതകളാണ്. ഇനി ഷിപ്പിംഗ്, ഇൻഷുറൻസ് ചെലവുകൾ വർദ്ധിക്കാം. തുണിത്തരങ്ങൾ, രാസവസ്തുക്കൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന കയറ്റുമതി മേഖലയിൽ താൽക്കാലിക കാലതാമസമുണ്ടാകാം എന്നുമാത്രമല്ല നിലവിലെ പ്രതിസന്ധി കടുത്തേക്കും.വാതക വിതരണ കമ്പനികൾ, പെയിന്റ്, കാർഷിക ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, നിർമ്മാണ സാമഗ്രികൾ, ടയറുകൾ എന്നിവ നിർമിക്കുകയും വിതരണം ചെയ്യുന്ന കമ്പനികളെയും യുദ്ധം താൽക്കാലികമായി ബാധിക്കും.
കാർഷിക മേഖലക്കും തിരിച്ചടി
ഗൾഫിൽ നിന്നുള്ള ഇറക്കുമതിയിൽ ക്രൂഡ്, ഊർജ്ജ മേഖലയാണ് മുന്നിൽ. ഇന്ത്യയിലെ എൽഎൻജി, എൽപിജി എന്നിവയുൾപ്പെടെയുള്ള ഗ്യാസ് ഇറക്കുമതിയുടെ ഏകദേശം 70 ശതമാനവും ഗൾഫിൽ നിന്നാണ്. എൽഎൻജിക്ക് ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഖത്തറിനെയാണ്. ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കളും വളങ്ങളും കാർഷിക മേഖലയിൽ നിർണായകമാണ്.
ഇറക്കുമതി കുറഞ്ഞാൽ നിലവിൽ രാസവള പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയിൽ പ്രത്യാഘാതങ്ങളുണ്ടാകും. യൂറിയ, അമോണിയ പോലുള്ള ജൈവ വളങ്ങളുടെ വിതരണത്തിലും താൽക്കാലികമായ പ്രതിസന്ധിയുണ്ടാകാം.ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആഭരണങ്ങൾ, മുത്തുകൾ, പ്ലാസ്റ്റിക്, അലുമിനിയം, ചെമ്പ് എന്നിവയുടെ ഇറക്കുമതിയെയും യുദ്ധം ബാധിക്കാം എന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. പിവിസി പോലെ തന്നെ സെറാമിക് ടൈലാണ് വിതരണം തടസപ്പെടാനിടയുള്ള മറ്റൊരു മേഖല.
പഠിക്കാം & സമ്പാദിക്കാം
Home
